പ്രവാസി മലയാളിയുടെ കൊലപാതകം : കാമുകിയുടെ ഭർത്താവ് അറസ്റ്റിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രവാസി മലയാളിയായ പറയത്തുകോണം പമ്മംകോട് ചരുവിളവീട്ടിൽ ദിലീപിനെ(35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കാമുകിയുടെ ഭർത്താവ് അറസ്റ്റിൽ. കിഴുവിലം നൈനാംകോണം ബ്ലാങ്കോട്ടുകോണം കോണത്തുകുന്നത്തുവീട്ടിൽ മുരുകനാണ് പിടിയിലായത്.
കിഴുവിലത്ത് ബൈക്കിൽ വരികയായിരുന്ന ദിലീപിനെ ഇയാൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഇടതു ഭാഗത്ത് ഏറ്റ ആഴത്തിലുളള വെട്ടാണ് മരണകാരണമായത്. കഴുത്തിൽ രണ്ടും കയ്യിൽ ഒരു വെട്ടുമേറ്റിരുന്നു. വെട്ടേറ്റ് റോഡിൽ വീണ ദിലീപിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുരുകന്റെ ഭാര്യ അനുവുമായി ദിലീപിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുരുകനും അനുവും 13 വർഷം മുമ്പാണ് വിവാഹിതരാകുന്നത്. ഇതിൽ അഞ്ചുവയസ്സുളള പെൺകുട്ടിയുണ്ട്. തമിഴ്നാട്ടിൽ നിന്നു കിഴുവിലത്തെത്തി താമസിച്ചിരുന്ന ഷക്കീല മുരുകനെ പ്രണയിച്ച് വിവാഹം ചെയ്യുകയും അനുവെന്നു പേരുമാറ്റുകയുമായിരുന്നു. പിന്നീട് ജോലി ആവശ്യത്തിനായി മുരുക ഗൾഫിൽ പോയ സമയത്താണ് ആണ് ദിലീപുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ദിലീപും ഗൾഫിലേയ്ക്ക് പോയെങ്കിലും ബന്ധം തുടർന്നു. ഈ ബന്ധമറിഞ്ഞ മുരുകൻ ഇതേച്ചൊല്ലി കലഹമുണ്ടാക്കുകയും, ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടയിൽ മുരുകൻ അയച്ചുകൊടുത്ത പണത്തിൽ നാലുലക്ഷത്തോളം രൂപ ദിലീപ് അനുവിൽ നിന്നു തട്ടിയെടുത്തിരുന്നു. ഇതിൽ രണ്ടുലക്ഷം രൂപ ദിലീപ് മടക്കി നൽകി. ബാക്കി തുക ഉടൻ നൽകണമെന്നും മുരുകൻ മുന്നറിയിപ്പു നൽകി.
രണ്ടുമാസം മുൻപ് നാട്ടിലെത്തിയ ദിലീപ് 25നു മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ ഞായറാഴ്ച വീട്ടിൽ ഉറക്കത്തിലായിരുന്ന മുരുകനോട് അയൽക്കൂട്ടത്തിനു പോകുന്നുവെന്നു പറഞ്ഞ് പുറത്തുപോയ അനു ദിലീപുമായി സംസാരിച്ചുനിൽക്കുന്നതു മുരുകൻ കണ്ടതാണ് മുരുകനെ പ്രകോപിപ്പിച്ചത്. ഇതു ചോദ്യം ചെയ്തപ്പോൾ പ്രകോപനപരമായ മറുപടിയാണ് അനുവിൽ നിന്നുണ്ടായത്.