ഉറങ്ങിപ്പോയ എംഎല്‍എ മാരുടെ ചിത്രങ്ങള്‍ ബിബിസിയിലും

തിരുവനന്തപുരം: നിയമസഭയിലെ കന്നിക്കാരനായ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി നിയമസഭ തുടങ്ങി ആദ്യദിവസം തന്നെ താരമായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് എൽദോസ് കുന്നപ്പിള്ളി ആദ്യദിവസം തന്നെ താരമായത്. തുടർന്ന് നിരവധി ട്രോളുകളാണ് എംഎൽഎയ്ക്ക് നേരിടേണ്ടി വന്നത്.
ഒടുവിൽ ഈ ട്രോളുകൾ ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. അതും ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ വാർത്താ ചാനലായ ബിബിസിയിലൂടെ. പതിനായിരങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പരാമർശിക്കുന്നതിനിടെ നിയമസഭയിലിരുന്ന് ഉറങ്ങാമോയെന്നാണ് ബിബിസി ഉന്നയിക്കുന്ന പ്രധാനചോദ്യം. ഇതിനു മുമ്പുള്ള കേരള നിയമസഭയിലെ ഉറക്ക ട്രോളുകളും ബിബിസി വാർത്തയോടൊപ്പം ചേർത്തിട്ടുണ്ട്. ബ്രിട്ടൻ പാർലമെന്‍റിലെ ഉറക്കവും ഇതിനോടൊപ്പം ചേർത്തിട്ടുണ്ടെങ്കിലും ഏവരുടെയും ശ്രദ്ധ കേരളനിയമസഭ തന്നെയെന്ന് വാർത്തയിൽ നിന്നുതന്നെ വ്യക്തം.
ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതാകമെന്നുള്ള വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റും ബിബിസി തപ്പിയെടുത്ത് ചുവടെചേർത്തിട്ടുണ്ട്. ഒടുവിൽ കേരളനിയമസഭയിലെ ആരും ഉറക്കത്തിന്‍റെ കാര്യത്തിൽ മോശമല്ലെന്ന് പറഞ്ഞ് രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കണക്കിനു പരിഹസിക്കുന്നുണ്ട് ബിബിസി. എന്തായാലും ഇന്ത്യ മാത്രം ചർച്ച ചെയ്ത നിയമസഭയിലെ ഉറക്ക ട്രോളുകൾ ഇനി ലോകം മുഴുവൻ ആഘോഷിക്കും.