കെ.സി. ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി. ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വരുന്ന മാര്‍ച്ച് ഒന്നാം തീയതി ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതി ജഡ്ജിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് കുട്ടിക്കളിയല്ലെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞു അഭിഭാഷകന്‍ മുഖേന മന്ത്രി കെ.സി. ജോസഫ് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി നേരിട്ടു ഹാജരാകണമെന്നും അപ്പോള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞകാര്യങ്ങള്‍ പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മന്ത്രി നിര്‍വ്യാജം മാപ്പ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റിട്ടത് മനഃപൂര്‍വമല്ല. അറിയാതെ സംഭവിച്ച പിഴവാണ്. സംഭവിച്ച തെറ്റ് ബോധ്യമായപ്പോള്‍ പോസ്റ് പിന്‍വലിച്ചെന്നും മന്ത്രി കോടതിയോടു അറിയിച്ചിരുന്നു. നിയമസഭയുള്ളതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും മന്ത്രി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ നേരിട്ടു ഹാജരാകാതെ സത്യവാങ്മൂലം പരിഗണിക്കില്ലെന്നു കോടതി അറിയിക്കുകയായിരുന്നു. മന്ത്രിയോട് നേരിട്ട് ഹാജരായി കുറ്റാരോപണങ്ങള്‍ക്കു മറുപടി നല്‍കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ജസ്റീസ് അലക്സാണ്ടര്‍ തോമസിനെ സംബന്ധിച്ചു മന്ത്രി ഫേസ്ബുക്കില്‍ പോസ്റ് ചെയ്ത പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയിലായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. 2015 ജൂണ്‍ 23ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റീസ് അലക്സാണ്ടര്‍ തോമസ്, എജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്കില്‍ മന്ത്രിയുടെ പ്രതികരണം പോസ്റ് ചെയ്തത്.