എലിയുടെ കടിയേറ്റ യാത്രക്കാരന് റയിൽ വേ നഷ്ടപരിഹാരം നല്കണമെന്ന് കോടതി

തുരന്തോ എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിൽ എലിയുടെ കടിയേറ്റ യാത്രക്കാരന് റയിൽവേ 13,000 രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കോട്ടയം വാഴൂർ സ്വദേശി സി.ജെ. ബുഷ് നൽകിയ പരാതിയിലാണു നടപടി. 2012 മാർച്ചിൽ മുംബൈയിൽ നിന്ന് തുരന്തോ എക്സ്പ്രസിൽ എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടെ തേർഡ് എസി കമ്പാർട്ട്മെന്റിനുള്ളിൽ വച്ച് ഇടതുകൈയുടെ ചൂണ്ടുവിരലിൽ എലി കടിച്ചുവെന്നായിരുന്നു പരാതി. ബുഷിന്റെ വാദങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടും പരിഗണിച്ച കോടതി, 10,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതിച്ചെലവും നൽകാൻ വിധിക്കുകയായിരുന്നു. ട്രെയിനിൽ എലിയില്ലെന്നും കടിയേറ്റുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമുള്ള റയിൽവേയുടെ വാദം കോടതി തള്ളി. ബോസ് അഗസ്റ്റിൻ അധ്യക്ഷനും കെ.എൻ. രാധാകൃഷ്ണൻ, രേണു പി. ഗോപാലൻ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്.