അമ്മയുടെ ചുംബനം ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് സജി ചെറിയാന്‍

ഷീബ വിജയൻ
പത്തനംതിട്ട: അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
താനവരെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതില്‍ അവര്‍ ഞെട്ടിപ്പോയെന്നും സജി ചെറിയാന്‍ പറഞ്ഞു. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. ടെലിവിഷനില്‍ ഒക്കെ വന്നിട്ടുണ്ട്, എല്ലാവരും കാണണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.
അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിലും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും. മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
aa