അനന്തപുരിയൊരുങ്ങി: 56ആമത് കലാമാമാങ്കത്തിന് ചൊവ്വാഴ്ച തിരിതെളിയും

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഒരു രാപകലിന്‍റെ മാത്രം ദൈര്‍ഘ്യം. ഏഴു ദിനരാത്രങ്ങള്‍ 19 വേദികളില്‍ 232 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 11,000 കലാകാരന്മാര്‍ മാറ്റുരയ്ക്കും. ചരിത്രപ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനമാണ് പ്രധാനവേദി. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരം ആതിഥ്യമരുളുന്ന മേളയില്‍ പിഴവുകള്‍ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സംഘാടകര്‍. ഒരേസമയം മൂവായിരത്തോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പന്തലിന്‍റെയും പാചകപ്പുരയുടെയും നിര്‍മാണം തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഊട്ടുപുരയുടെ പാലുകാച്ചല്‍ കര്‍മം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു . കലാമേളയുടെ ആവേശം ഉയര്‍ത്തി വിജയികള്‍ക്കായുള്ള സ്വര്‍ണ കപ്പ് ഘോഷയാത്രയും തലസ്ഥാനത്തെത്തി . ഉച്ചയ്ക്ക് ഒന്നരയ്ക്ക് കേശവദാസപുരത്തു നിന്ന് ആരംഭിച്ച സ്വര്‍ണ കപ്പ് ഘോഷയാത്രയ്ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നേതൃത്വം നല്കി .
നാളെ രാവിലെ ഒമ്പതരയ്ക്ക് തൈക്കാട് മോഡല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എം.എസ്.ജയ പതാക ഉയര്‍ത്തുന്നതോടെ 56ാമത് സ്കൂള്‍ കലാത്സവത്തിനു തുടക്കമാകും. വൈകിട്ട് നാലിനു പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലാമേളയുടെ തിരി തെളിക്കും. ഇതിനു മുന്നോടിയായി സംസ്കൃതകോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഡിജിപി ടി.പി.സെന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്കൂളുകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിനിരക്കും. കേരളത്തിന്‍റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു മാറ്റേകും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം ആരംഭിക്കും. 56 അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കലോത്സവ സ്വാഗതഗാനത്തിന് 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി ദൃശ്യാവിഷ്കാരം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 25നു നടക്കുന്ന സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടകന്‍ പ്രതിപക്ഷനേതാവ് വി. എസ്.അച്യുതാനന്ദനാണ്. കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് വിദ്യാഭ്യാസമന്ത്രി സമ്മാനിക്കും. സിനിമാതാരം നിവിന്‍പോളി മുഖ്യാതിഥിയാകും.
ബ്രോഷര്‍ പ്രകാശനം
സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനുവരി 20 മുതല്‍ 25 വരെനടക്കുന്ന സാംസ്കാരികോല്‍സവത്തിന്‍റെ ബ്രോഷര്‍ നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും. പി.ആര്‍.ഡി ഹാളില്‍ നടക്കുന്ന പത്ര സമ്മേളനത്തില്‍ വെച്ചാണ് മന്ത്രി ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കുക. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ മധു, ഡി.പി.ഐ .എം.എസ് ജയ, ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ ഡോ. പി. എ സാജുദ്ദീന്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ കെ.പി.നൗഫല്‍ എന്നിവര്‍ പങ്കെടുക്കും