സ്കൂള്‍ പാഠപുസ്തക അച്ചടി വീണ്ടും താളംതെറ്റിയതായി റിപ്പോർട്ട്

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തക അച്ചടി വീണ്ടും താളംതെറ്റി. അച്ചടിക്ക് ആവശ്യമായ കടലാസ് വാങ്ങുന്നതിന് കെ.ബി.പി.എസിന് ധനവകുപ്പ് പണം അനുവദിക്കാത്തതും അച്ചടിക്കേണ്ട പുസ്തകങ്ങളുടെ കോപ്പി എസ്.സി.ഇ.ആര്‍.ടി കൈമാറാത്തതുമാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.30ല്‍ അധികം പാഠപുസ്തകങ്ങളുടെ പകര്‍പ്പ് ഇനിയും നല്‍കാനുണ്ട്. അടുത്ത അധ്യയനവര്‍ഷം മാറുന്ന ഒമ്പത്, പത്ത് ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് അച്ചടിക്ക് പോകാനുള്ളവയില്‍ ഭൂരിഭാഗവും. ഇതില്‍ ഭൂരിഭാഗവും ഇംഗ്ളീഷ്, കന്നട, തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കുള്ള പകര്‍പ്പുകളാണ്.
പത്താം ക്ളാസ് പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കുട്ടികളില്‍ എത്തിക്കേണ്ടതാണ്. ഇവര്‍ക്ക് അവധിക്കാല ക്ളാസുകള്‍ നടത്താന്‍ പുതിയ പാഠപുസ്തകങ്ങള്‍ ആവശ്യവുമാണ്. പല പുസ്തകങ്ങളുടെയും പ്രൂഫ് വായനയാണ് ഇപ്പോഴും എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കുന്നത്. എന്നാല്‍, പാഠപുസ്തകങ്ങള്‍ എല്ലാം അച്ചടിക്കായി കൈമാറിയെന്നാണ് എസ്.സി.ഇ.ആര്‍.ടി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്.കഴിഞ്ഞ വര്‍ഷം തെറ്റായ കണക്ക് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ 45 ലക്ഷം പാഠപുസ്തകങ്ങളാണ് അധികമായി അച്ചടിച്ചത്. അടുത്ത അധ്യയനവര്‍ഷം ഈ പുസ്തകങ്ങള്‍ മാറുന്നതിനാല്‍ ഇതത്രയും പാഴായി . ഈ സാഹചര്യത്തിലാണ് ഇന്‍ഡന്‍റ് ശേഖരിക്കാനുള്ള അനുമതിയും കെ.ബി.പി.എസ് തേടിയത്.