നേതാജിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്

ബ്രിട്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്‌സൈറ്റ്. വിമാനപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നേതാജി മരിച്ചതെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റില്‍ വെളിപ്പെടുത്തല്‍. www.bosefiles.info എന്ന വെബ്‌സൈറ്റാണ് നേതാജിയുടെ അവസാനനിമിഷത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിപ്പിക്കുവാനാണ് വെളിപ്പെടുത്തല്‍ എന്ന് സൈറ്റ്.
അപകടശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേതാജിക്ക് എന്തു സംഭവിച്ചുവെന്നാണ് ജനുവരി 16 ന് വെബ്‌സൈറ്റ് വെളിപ്പെടുത്തിയത്. അപകടം നടന്നയുടനെ ഗുരുതരമായി പരിക്കേറ്റ നേതാജിയെ നന്‍മൊന്‍ പട്ടാള ആശുപത്രിയിലേക്ക് മാറ്റി. നേതാജിയുടെ സഹയാത്രികനായിരുന്ന കേണല്‍ ഹബീബുര്‍ റഹ്മാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ജാപ്പനീസ് ആര്‍മിയിലെ ക്യാപ്റ്റന്‍ തനിയോഷി യോഷിമിയായിരുന്നു ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍. തയോഷി യോഷിമിയെന്ന മറ്റൊരു ഡോക്ടറും സാന്‍ പി ഷാ എന്ന തായ്‌വാനി നേഴ്‌സും നേതാജിയെ ചികിത്സിച്ചവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടാതെ നകാമുറ എന്നുപേരുള്ള ഒരു ദ്വിഭാഷിയും സംഘത്തിലുണ്ടായിരുന്നു.
ആശുപത്രിയിലെത്തിച്ച നേതാജി നാലു മണിക്കൂറിനു ശേഷം അബോധാവസ്ഥയിലായെന്നും 23 മണിക്കൂറിനു ശേഷം മരിച്ചുവെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോ തനോയോഷി യോഷിമ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നവാസ് ഖാന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷനു മുമ്പിലും 1974 ലെ ജസ്റ്റീസ് ജി.ഡി. ഖോസ്ല കമ്മീഷനു മുമ്പാകെയും ഡോ. യോഷിമി ഷാ മൊഴി നല്‍കിയിരുന്നു. 1995 ല്‍ നല്‍കിയ അഭിമുഖത്തില്‍ യോഷിമി പറയുന്നത് പരിക്കേറ്റ് മുന്നിലെത്തിയ ആള്‍ മി.ചന്ദ്രബോസാണെന്നും എന്തുവില കൊടുത്തും അദ്ദേഹത്തിന്റെ ജിവന്‍ രക്ഷിക്കണമെന്ന് ലഫ്റ്റനന്റ് നൊനോമി ആവശ്യപ്പെട്ടു എന്നാണ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ബോസിനോട് ചോദിച്ചപ്പോള്‍ ‘രക്തം തലയിലേക്ക് ഇരച്ചുകയറുന്നു എനിക്കല്‍പ്പം ഉറങ്ങണം’ എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞതെന്നും ഡോക്ടര്‍ പറയുന്നു.
അപകടം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം 1945 ആഗസ്റ്റ് 24ന് ഹബീബുര്‍ റഹ്മാന്‍ നല്‍കിയ മൊഴിയും വെബ്‌സൈറ്റ് പുറത്തുവിട്ടു. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും നിങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകുമ്പോള്‍ അവസാനനിമിഷം വരെ ഞാന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയെന്ന് ജനങ്ങളോട് പറയണമെന്നും നേതാജി തന്നോട് പറഞ്ഞതായി റഹ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ‘സ്വാതന്ത്യത്തിനായി അവസാന നിമിഷം വരെ പോരാടിയിരുന്നു. ഇതേ കാര്യത്തിന് വേണ്ടി ജീവന്‍ വെടിയുകയാണ്, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത നേതാജി, ‘ അധികം വൈകാതെ ഇന്ത്യ സ്വാതന്ത്യം നേടുമെന്നുമാണ് ‘ അവസാനമായി പറഞ്ഞതെന്ന് റഹ്മാന്‍ പറയുന്നു.
അപകടത്തെക്കുറിച്ച് കേണല്‍ റഹ്മാന്‍ പറയുന്നത് ഇങ്ങനെ ‘…1945 ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വിമാനം തായ്‌വാനിലെത്തി. 2.35 ന് അവിടെ നിന്നും പറന്നുയര്‍ന്നു. വിമാനം പുറപ്പെട്ട് അധികം വൈകാതെ വലിയ പൊട്ടിത്തറി ശബ്ദമാണ് കേട്ടത്. വിമാനം നിലത്തുപതിച്ച ഉടനെ നേതാജിയോട് മുന്‍വശത്തുകൂടി രക്ഷപ്പെടാനും പുറകുവശത്ത് വഴിയില്ലെന്നും പറഞ്ഞു. ബാഗുകള്‍ വീണ് പുറകുവശത്തെ വാതില്‍ അടഞ്ഞുപോയിരുന്നു. മറ്റുവഴികളില്ലാതിരുന്നതിനാല്‍ വിമാനത്തിന്റെ കത്തുന്ന ഭാഗത്തുകൂടെ നേതാജി പുറത്തേക്ക് ഓടി. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പുറകെ താനും ഓടി. പുറത്തെത്തിയപ്പോള്‍ പത്തടിയോളം അകലെ നില്‍ക്കുന്ന നേതാജിയെ കണ്ടു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെല്ലാം കത്തുകയായിരുന്നു. നേതാജിയുടെ കാക്കി വസ്ത്രത്തില്‍ പെട്ടന്ന് തീപിടിച്ചു. എന്നാല്‍ തന്റെത് കമ്പിളി വസ്ത്രമായിരുന്നുന്നെനും റഹ്മാന്‍ പറയുന്നു. താന്‍ ഓടിച്ചെന്ന് നേതാജിയുടെ കത്തുന്ന വസ്ത്രങ്ങള്‍ മാറ്റി അദ്ദേഹത്തെ നിലത്തുകിടത്തി. അദ്ദേഹത്തിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു, മുഖവും ശരീരവും പൊള്ളി, തലമുടിയെല്ലാം കത്തിപ്പോയിരുന്നു. അദ്ദേഹത്തെ നന്‍മൊന്‍ പട്ടാള ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നുവെന്നും’ റഹ്മാന്‍ പറയുന്നു. 1956 ല്‍ അന്വേഷണ സംഘത്തിനു മൊഴികൊടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് കേണല്‍ ഹബീബുര്‍ റഹ്മാന്‍ വന്നിരുന്നു.
കൂടാതെ നേതാജിയെ അന്നു ചികിത്സിച്ച നഴ്‌സായ സാന്‍ പി ഷാ നേരത്തെ ഫ്രീ പ്രസ് ജേര്‍ണലിലെ ഹരിന്‍ ഷായ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങളും വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയ വിഭാഗത്തിലെ നഴ്‌സായ താനാണ് അദ്ദേഹത്തെ പരിചരിച്ചതെന്നും മരണം വരെ അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ശരീരം മുഴുവന്‍ ഒലിവെണ്ണ പുരട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും അത് ചെയ്തുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നേതാജി മരിച്ചുവെന്നറിയിച്ച ജാപ്പനീസ് ഓഫീസര്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയെന്ന് തായ്‌പേയ് സന്ദര്‍ശനത്തില്‍ നേതാജിയുടെ ഒപ്പമുണ്ടായിരുന്ന ദ്വിഭാഷി നകാമുറ പറയുന്നു.