ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊന്ന സംഭവം; സ്ഥലത്ത് കനത്ത പ്രതിഷേധവുമായി നാട്ടുകാർ

ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അതേസമയം, സ്ഥലത്തെത്തിയ എ.പി. അനിൽകുമാർ എംഎൽഎയ്ക്കു നേരെയും പ്രതിഷേധമുണ്ടായി. വയനാട്ടിൽ നിന്നും പാലക്കാട്ടു നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. സർക്കാരിന് ശ്രദ്ധക്കുറവുണ്ടായെന്നും കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു. കാളികാവ് അടയ്ക്കാക്കുണ്ടിൽ ഇന്നു രാവിലെയോടെയാണ് സംഭവമുണ്ടായത്. റബ്ബർ ടാപ്പിംഗിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. റാവുത്തൻകാവ് ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന സമദ് പറഞ്ഞു. മുണ്ട് അഴിഞ്ഞു പോയ നിലയിൽ ഏതാണ്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം.
EFRWSFGSGS