ടി.പി വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ കേന്ദ്രസർക്കാരിന് കത്തയച്ചു

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ.രമ കേന്ദ്രസർക്കാരിന് നേരിട്ട് കത്തയച്ചു. കേസിലെ യഥാർത്ഥ പ്രതികൾ പിടിക്കപ്പെട്ടില്ലെന്നും അതിനാൽ തന്നെ കേസ് സിബിഐ അന്വേഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ രമ പറയുന്നു.
സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും വേണ്ടത്ര സമ്മർദം ഇല്ലാത്തതു കൊണ്ടാണ് കേസ് സിബിഐ ഏറ്റെടുക്കാത്തതെന്നും രമ കത്തിൽ ആരോപിക്കുന്നു. കേസിൽ കേരളം രണ്ടുതവണ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു.
എന്നാൽ കേസിലെ പ്രതികളെ നേരത്തെ ശിക്ഷിച്ചതാണെന്നും കേസ് ഏറ്റെടുക്കുന്നതിന് പുതിയ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അപേക്ഷ തള്ളുകയായിരുന്നു.
അതേസമയം ടിപി വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് വീണ്ടും കത്ത് നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തിലാണിതെന്നും അദ്ദേഹം അറിയിച്ചു. രമയുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ സർക്കാരിനു മടിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.