ദുരിത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്, റിപ്പോര്‍ട്ടര്‍ ടിവിയുടെ തീരുമാനം അഭിനന്ദനാർഹം: വി ശിവന്‍കുട്ടി

മുണ്ടക്കൈ ദുരന്തത്തില്‍ ഇരകളായ കുടുംബങ്ങളുടെ അതിജീവനത്തിനായി റിപ്പോര്‍ട്ടര്‍ ടിവി പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് പദ്ധതി സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. സന്മനസ്സോടെ വരുന്നവരുടെ വാഗ്ദാനങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യ രേഖ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിന്‍ ഇ മെയില്‍ വഴിയാണ് മുഖ്യമന്ത്രിക്ക് പദ്ധതിയുടെ പ്രാഥമിക രൂപരേഖ സമര്‍പ്പിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് റിപ്പോര്‍ട്ടര്‍ ടിവി ഉദ്ദേശിക്കുന്നതെന്നും ഇതിനായി 100 മുതല്‍ 150 ഏക്കര്‍ വരെ ഭൂമി റിപ്പോര്‍ട്ടര്‍ ടിവി തന്നെ കണ്ടെത്തി നല്‍കുമെന്നാണ് അറിയിച്ചത്. പ്രദേശത്ത് ഓരോ കുടുംബത്തിനും മൂന്ന് കിടപ്പു മുറികള്‍ വീതമുള്ള വീടുകള്‍ നിര്‍മ്മിക്കും. പൂക്കളും ചെടികളും ചെറിയ മരങ്ങളും മുറ്റവുമെല്ലാം അടങ്ങിയ മനോഹരമായ വീടായിരിക്കും നിര്‍മ്മിക്കുക. കോളനി മാതൃകയിലായിരിക്കില്ല, മറിച്ച് ഒരു കുടുംബത്തിന് 15 സെന്റ് സ്ഥലം വീതം ലഭിക്കും വിധമായിരിക്കും വീടുകള്‍ സജ്ജമാക്കുക.
റിപ്പോര്‍ട്ടര്‍ ടിവി കണ്ടെത്തുന്ന ഭൂമിയില്‍ പുനരധിവാസത്തിനായി അറുന്നൂറോളം വീടുകളും സ്‌കൂള്‍, അങ്ങാടിക്ക് ആവശ്യമായ കടമുറികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം പള്ളികള്‍, അമ്പലം, ഒരുമിച്ച് കൂടാനുള്ള ഓഡിറ്റോറിയം, കളിസ്ഥലം മുതലായ സംവിധാനങ്ങളും ഒരുക്കുകയെന്നതാണ് ടൗണ്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിനായി സഹകരിക്കാന്‍ തയ്യാറാകുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ പിഎംകെ കോണ്‍ട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഉരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റി തുടങ്ങിയ കമ്പനികളെയും പദ്ധതിയുമായി സഹകരിപ്പിക്കുന്നതിനുള്ള താത്പര്യവും റിപ്പോര്‍ട്ടര്‍ ടിവി അറിയിച്ചിരുന്നു.
etyrttyrerer