യുവാവിനെ പൊലീസ് വെടിവച്ച് കൊന്ന സംഭവം; ഫ്രാൻസിൽ പോരാട്ടം തുടരുന്നു , തെരുവിലിറങ്ങി പ്രക്ഷോഭകാരികൾ


കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ കലാപം തുടരുന്നു. പൊലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. തുടർച്ചയായി അഞ്ചാം രാത്രിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ, 1300ൽ ഏറെ പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അതേസമയം പലയിടത്തും കൊള്ളയും തീവയ്പ്പും തുടരുകയാണ്. കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികൾ തീയിട്ടു. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കലാപം രൂക്ഷമായതോടെ ജർമൻ സന്ദർശനം റദ്ദാക്കിയ പ്രസിഡന്റ് ഇമ്മാനുവെൽ മക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. 

കലാപം രൂക്ഷമാക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്ന് മക്രൊൺ കുറ്റപ്പെടുത്തി. ഇതിനിടെ കലാപത്തിൽ കൊല്ലപ്പെട്ട പതിനേഴുകാരന്‍റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അള്‍ജീരിയന്‍–മൊറോക്കന്‍ വംശജനായ നയെല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവെൽ മക്രോൺ ആവശ്യപ്പെട്ടു.

ട്രാഫിക് സിഗ്നലിനു സമീപം പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് വെടിവയ്പുണ്ടായത്. നിർത്താതെ കാർ മുന്നോട്ടെടുത്ത നയെലിന്റെ തോളില്‍ വെടിയേല്‍ക്കുകയായിരുന്നു. നെഞ്ച് തുളച്ചെത്തിയ വെടിയുണ്ട സംഭവ സ്ഥലത്ത് വെച്ചുതന്നെ യുവാവിന്‍റെ ജീവനെടുത്തു. ഇതോടെ നിയന്ത്രണം വിട്ട് കാർ ഇടിച്ചുനിന്നു. കാറിൽ 2 സഹൃത്തുക്കളും ഉണ്ടായിരുന്നു. പൊലീസിന് നേരെ നയെല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. നയെലിനെതിരെ വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

article-image

fgdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed