അഴിമതി കേസ്: അർജന്റീനയുടെ വൈസ് പ്രസിഡന്റ് കുറ്റക്കാരിയെന്ന് കണ്ടെത്തൽ: ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി

അഴിമതി കേസിൽ അർജന്റീനയുടെ നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റുമായ ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്നെർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ആറ് വർഷം തടവുശിക്ഷയാണ് കിർച്നെർക്ക് അർജന്റൈൻ കോടതി വിധിച്ചത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ഒരു ബില്യൺ ഡോളറിന്റെ തട്ടിപ്പ് കേസാണ് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നത്.
നിയമവിരുദ്ധമായി സ്വന്തം സുഹൃത്തിന് പൊതുമരാമത്ത് കരാറുകൾ നൽകിയെന്ന കിർച്നെർക്കെതിരെയുണ്ടായിരുന്ന ആരോപണം തെളിയിക്കപ്പെട്ടു. വഞ്ചനാപരമായ ഭരണമാണ് കിർച്‌നെർ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ സെനറ്റ് പ്രസിഡന്റായതിന്റെ പാർലമെന്ററി പ്രതിരോധമുള്ളതുകൊണ്ട് 69കാരിയായ കിർച്നെർക്ക് തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ. സർക്കാർ സ്ഥാനങ്ങൾ വഹിക്കുന്നതുകൊണ്ട് ലഭിക്കുന്ന പ്രതിരോധമുപയോഗിച്ച് ഈ വിധിക്കെതിരെ കിർച്‌നെർ അപ്പീൽ പോകുമെന്നാണ് കരുതുന്നത്. പബ്ലിക് ഓഫീസിൽ നിന്നും ഇവർക്ക് ആജീവനാന്തം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേസിൽ ഉന്നത കോടതികളിൽ അപ്പീൽ പോകുമ്പോൾ കിർച്‌നെർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും.
കിർച്നെർക്ക് 12 വർഷം തടവും രാഷ്ട്രീയത്തിൽ നിന്ന് ആജീവനാന്ത വിലക്കും വിധിക്കണമെന്നായിരുന്നു കേസിൽ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, തനിക്കെതിരായ കേസും ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്നാണ് കിർച്‌നെർ പറയുന്നത്.
ffffhf