ഫ്രാൻസിന്റെ അഭ്യർത്ഥന; യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുക്രെയ്നിൽ യുദ്ധ മേഖലകളിൽ വെടി നിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോൾ, ഖാർകീവ്, സുമി എന്നീ യുക്രെയ്ൻ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയുൾപ്പെടെ മനുഷ്യത്വ ഇടനാഴിയിലൂടെ രക്ഷപ്പെടുത്താനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. ഇന്ന് 12.30മുതൽ വെടിനിർത്തൽ നടപ്പിലാക്കുമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചെത്താണ് പുറത്തു വരുന്ന റിപ്പോർട്ട്.
മാക്രോൺ ഇന്നലെ രണ്ട് മണിക്കൂറോളം പുടിനുമായി സംസാരിച്ചിരുന്നു. യുക്രെയ്‌നിലെ റഷ്യൻ സൈനിക നടപടി നിർത്താൻ മാക്രോൺ പുടിനോട് അഭ്യർത്ഥിച്ചു. മാക്രോണിന്റെ അഭ്യർത്ഥനയേത്തുടർന്ന് മനുഷ്യത്വ ഇടനാഴി തുറക്കാൻ റഷ്യ തയ്യാറായെന്നാണ് റഷ്യൻ ഭരണകൂട മാധ്യമമായ സ്പുട്‌നിക് ട്വീറ്റ് ചെയ്യുന്നത്.
നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആക്രമം തുടർന്നതിനാൽ മരിയോപോളിൽ നിന്നുൾപ്പെടെ മനുഷ്യത്വ ഇടനാഴിയിലൂടെ ജനങ്ങളെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലൻസ്‌കിയുമായും സംസാരിക്കും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കൽ ഇരു നേതാക്കളുമായി മോദി സംസാരിക്കും.