ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരത്തിന്റെ ക്ലോൺ ചെയ്ത മരം നിലംപതിച്ചു

ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരത്തിന്റെ ജനിതക പകർപ്പിലൊന്ന് ഒടുവിൽ ഭൂഗുരുത്വാകർഷണത്തിന് കീഴടങ്ങി. ഭൂഗുരുത്വനിയമം കണ്ടെത്താൻ ന്യൂട്ടന് പ്രേരണയായ ആപ്പിൾ മരത്തിന്റെ ക്ലോൺ ചെയ്ത മരമാണ് കേംബ്രിജ് സർവകലാലയിൽ വെള്ളിയാഴ്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റിൽ നിലംപതിച്ചത്. 1954−ൽ നട്ട മരം കഴിഞ്ഞ 68 വർഷമായി സർവകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു.
ഹണി ഫംഗസ് ബാധയാണ് ആപ്പിൾമരം നശിക്കാൻ കാരണമായി അധികൃതർ പറയുന്നത്. ഇതുൾപ്പെടെ മൂന്നുമരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിൾ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. സംഭവം ദുഃഖകരമാണെന്നും ന്യൂട്ടന്റെ ആപ്പിൾ മരങ്ങളുടെ കൂടുതൽ ക്ലോണുകൾ നിർമിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാന മേൽനോട്ടക്കാരൻ സാമുവൽ ബ്രോക്കിങ്ടൺ പറഞ്ഞു. ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാർത്ഥ ആപ്പിൾ മരമുള്ളത്.