റഷ്യ യുക്രെയ്നെ ആക്രമിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ


റഷ്യ യുക്രെയ്നെ ആക്രമിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ച ഒരു വിഭാഗം സൈന്യത്തെ പിൻവലിച്ചെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡന്‍റെ പരാമർശം. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല. എന്നാൽ‍ യുക്രെയ്നെയോ യുക്രെയ്നിലെ അമേരിക്കന്‍ പൗരൻമാരേയോ ആക്രമിച്ചാൽ‍ തിരിച്ചടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ ഉദ്ദേശ്യങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന ബൈഡൻ, യുദ്ധമുണ്ടായാൽ‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നൽ‍കി. യുക്രെയ്നിൽ സംഘർഷസാധ്യത തുടരുന്നതിനിടെ, മിസൈൽ വിന്യാസത്തെക്കുറിച്ചും സൈനിക സുതാര്യതയെക്കുറിച്ചും ചർച്ചയ്ക്കു തയാറാണെന്നു പുടിൻ അറിയിച്ചിരുന്നു. എന്നാൽ മുൻ സോവ്യറ്റ് രാജ്യങ്ങളെ ചേർക്കരുതെന്ന നിലപാടിൽനിന്നു പിന്നോട്ടില്ലെന്നും പുടിൻ പറയുന്നു. 

യുക്രെയ്ന്‍റെ വടക്ക്, തെക്ക്, പടിഞ്ഞാറ് അതിർത്തിയിൽ സൈനികാഭ്യാസത്തിനായി വിന്യസിച്ച സൈന്യത്തെ പിൻവലിച്ചതായി റഷ്യ അറിയിച്ചിരുന്നു. അതേസമയം, സൈന്യത്തെ റഷ്യ പിൻവലിച്ചിട്ടില്ലെന്നും ഏതു നിമിഷവും കടന്നുകയറ്റമുണ്ടായേക്കുമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുന്നു. അതിർത്തിയിൽ 1,30,000 ത്തോളം സൈനികർ ഇപ്പോഴും തുടരുന്നതായി ഉപഗ്രഹദൃശ്യത്തെ അടിസ്ഥാനമാക്കി യൂറോപ്യൻ രാജ്യങ്ങൾ വാദിക്കുന്നു. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യയെ തകർക്കുന്ന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസും പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed