എൽ.ഐ.സിയിൽ അവകാശികളില്ലാതെ 21,539 കോടി രൂപ

എൽ.ഐ.സിയിൽ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരമാണിത്. പ്രാരംഭ ഓഹരി വിൽപനയ്ക്കുളള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ( സെബി)ക്ക് നൽകിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
2019 സാന്പത്തിക വർഷത്തിൽ 13,843.70 കോടി രൂപയായിരുന്നു. 2020ൽ 16,052.65 കോടിയായും 2021ൽ 18,495.32 കോടി രൂപയുമാണ് തുക ഉയർന്നത്. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയുമാണ് ഈ തുക. രാജ്യത്തെ കോടിക്കണക്കിനുവരുന്ന പോളിസി ഉടമകൾക്ക് അവകാശപ്പെട്ടതാണ് ഈ തുക. കാലാവധി പൂർത്തിയായശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങൾ ക്ലെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ആയിരം രൂപയോ അതിൽകൂടുതലോ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം വെബ്‌സൈറ്റിൽ ഇൻഷൂറൻസ് കന്പനികൾ പ്രസിദ്ധീകരിക്കണമെന്ന് നിർദേശമുണ്ട്. 10 വർഷമായിട്ടും െക്ലയിം ചെയ്തില്ലെങ്കിൽ ആ തുക മുതിർന്ന പൗരന്‍മാരുടെ ക്ഷേമനിധിയിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.