പാർലമെന്‍റ് സമിതിക്ക് മുൻപാകെ ആമസോൺ ഹാജരാകില്ല

ന്യൂഡൽഹി: 2019ലെ ഡേറ്റ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ ആമസോൺ വിസമ്മതിച്ചു. ആമസോൺ ഹാജരാകാൻ വിസമ്മതിച്ച കാര്യം സമിതി അദ്ധ്യക്ഷ മീനാക്ഷ ലേഖിയാണ് അറിയിച്ചത്. ഒക്ടോബർ 28ന് ഹാജരാകാനാണ് പാർലമെന്‍റ് സമിതി ആമസോണിനോട് ആവശ്യപ്പെട്ടത്. തീരുമാനിച്ച ദിവസം ആമസോൺ പ്രതിനിധികൾ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മീനാക്ഷി ലേഖി അറിയിച്ചു. വിദഗ്ദര്‍ വിദേശത്താണെന്നും അവര്‍ക്ക് എത്താന്‍ സാധിക്കില്ലെന്നുമാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, ഫേസ്ബുക്ക് പബ്ലിക് പോളിസി തലവൻ അങ്കി ദാസ്, ബിസിനസ് ഹെഡ് അജിത് മോഹൻ എന്നിവർ സമിതിക്കു മുൻപാകെ ഇന്ന് ഹാജരായി. ഗൂഗിളിനോടും പേടിഎമ്മിനോടും ഒക്ടോബർ 29ന് ഹാജരാകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡേറ്റാ സംരക്ഷണ ബിൽ 2019ലാണ് കൊണ്ടുവന്നത്. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ആശങ്ക ഉയർത്തിയതോടെയാണ് പാർലമെന്‍റ് സമിതിയെ നിയോഗിച്ചത്.