ട്രംപിന്റെ പരിഹാസത്തിന് ശക്തമായ മറുപടിയുമായി കമലഹാരിസ്


വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് വൈസ്പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷമായി പരിഹസിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി കമല ഹാരിസ്. തിരഞ്ഞെടുപ്പിനെ നേരിടാൻ താൻ പൂർണ സജ്ജയാണെന്ന് പറഞ്ഞാണ് കമല ഹാരിസ് തന്‍റെ പ്രസംഗം ആരംഭിച്ചത്. രാജ്യം അതിന്‍റെ സമസ്ത മേഖലകളിലും തകർച്ചയും തിരിച്ചടികളും നേരിടുന്ന സമയത്താണ് തിരഞ്ഞെടുപ്പ് വരുന്നത്. സാന്പത്തിക മേഖലയും, ആരോഗ്യ മേഖലയും കുട്ടികളുടെ കാര്യങ്ങളുമെല്ലാം തകിടം മറിഞ്ഞിരുക്കുന്ന, വന്പൻ തിരിച്ചടി നേരിടുന്ന സമയമാണിത്. അമേരിക്കയ്ക് ഇപ്പോൾ ആവശ്യം ശക്തമായ ഒരു നേതൃത്വമാണ്- അവർ തുറന്നടിച്ചു.

രാജ്യത്തിന് ഇപ്പോൾ ഒരു പ്രസിഡന്‍റ് ഉണ്ട്. പക്ഷേ അദ്ദേഹത്തിന് സ്വന്തം കാര്യം നോക്കാൻ മാത്രമേ സമയമുള്ളു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ജനങ്ങളുടെ വിഷയങ്ങൾ അദ്ദേഹം പരിഗണനയ്ക്ക് പോലും എടുക്കുന്നില്ല- കമല കുറ്റപ്പെടുത്തി. ട്രംപിന്‍റെയും- മൈക്ക് പെൻസിന്‍റെയും നേതൃത്വത്തിലുള്ള ഒരു പരാജയപ്പെട്ട ഭരണകൂടത്തെ നമുക്കിനി ആവശ്യമില്ല. 83 ദിവസങ്ങൾക്കപ്പുറം രാജ്യത്തിന്‍റെ പുതിയ ഭാവി തെരഞ്ഞെടുക്കാനുള്ള അവസരമാണ് നമുക്ക് മുന്നിലുള്ളത്- കമല ചൂണ്ടിക്കാട്ടി.
ട്രംപ് ഭരണത്തിലേറുന്പോൾ ബരാക് ഒബാമയും ജോ ബൈഡനും ചേർന്ന് ശക്തമായ അടിത്തറപാകിയ ഒരു സാന്പത്തിക മേഖലയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ, ട്രംപിനു കീഴിൽ അത് തകിടം മറിഞ്ഞു. രാജ്യത്തെ സാന്പത്തികാവസ്ഥപോലും പ്രതിസന്ധിയുടെ വക്കിലെത്തി- അവർ കൂട്ടിച്ചേർത്തു.
നേരത്തെ, കമല ഹാരിസിനെ വൈസ്പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിനു പിന്നാലെ അവരെ പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. കമല ഒരു മോശപ്പെട്ട സ്ത്രീയാണെന്നും അവർ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ യോഗ്യയല്ലെന്നുമായിരുന്നു ട്രംപിന്‍റെ പരിഹാസം. ഇതിനും മുൻപും ട്രംപ് കമലയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കോപ്പുകൂട്ടിയ കമല പൊടുന്നനെ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയപ്പോഴായിരുന്നു ആദ്യ പരിഹാസം. "മിസ് യു കമല' എന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. അന്നും കൃത്യമായ മറുപടികളുമായി കമല രംഗത്തെത്തുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed