അഭയാത്രികൾക്ക് താങ്ങായി ഈജിപ്ഷ്യൻ കോടീശ്വരൻ


കയ്റോ: യുദ്ധവും പട്ടിണിയും ദുരിതവും മൂലം മധ്യപൂർവദേശം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്നു മെഡിറ്ററേനിയൻ സമുദ്രം താണ്ടി യൂറോപ്പിന്റെ തീരമണയുന്ന അഭയാർഥികളുടെ എണ്ണം നിലയ്ക്കാതെ തുടരവെ, ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ഒരു ദ്വീപ് തന്നെ വാങ്ങാനൊരുങ്ങി ഈജിപ്ഷ്യൻ കോടീശ്വരനായ നഗ്യൂബ് സാവിരിസ്. ഇറ്റാലിയൻ തീരത്തോടോ ഗ്രീക്ക് തീരത്തോടോ ചേർന്ന് കിടക്കുന്ന ദ്വീപുകളിലൊരെണ്ണം വിലയ്ക്കെടുത്ത് അഭയാർഥികൾക്ക് സ്വന്തമായി നൽകാമെന്നാണ് വാഗ്ദാനം. ഈജിപ്തിലെ അറിയപ്പെടുന്ന മാധ്യമ ചക്രവർത്തിയാണ് നഗ്യൂബ് സാവിരിസ്.

ദ്വീപ് വിലയ്ക്ക് വാങ്ങി അഭയാർഥികൾക്ക് വാസസ്ഥലമൊരുക്കാനുള്ള പദ്ധതിയെക്കുറിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് നഗ്യൂബ് പുറംലോകത്തെയറിയിച്ചത്. ഗ്രീസോ ഇറ്റലിയോ എനിക്കൊരു ദ്വീപ് നല്‍കുക. ഞാനതിനെ അഭയാർഥികൾക്കായുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റി അവർക്ക് ജോലിയും നൽകാം - നഗ്യൂബ് ട്വിറ്ററിൽ കുറിച്ചു. ഇത്തരമൊരു പദ്ധതിയുമായി ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളെ സമീപിക്കാൻ ഒരുങ്ങുകയാണ് താനെന്നും നഗ്യൂബ് വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിലായിരുന്നു നഗ്യൂബിന്റെ മറുപടി. തീർച്ചയായും ഇത് സാധ്യമാണ്. ഇറ്റലിയുടെയും ഗ്രീസിന്റെയും തീരങ്ങളോട് ചേർന്ന് ഒരുപാട് ദ്വീപുകൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. 10 മില്യൺ ഡോളർ മുതൽ 100 മില്യൺ ഡോളർവരെ ചെലവഴിച്ചാൽ ദ്വീപുകൾ വാങ്ങാം. ഇവിടെ അഭയാർഥികൾക്കായി താൽക്കാലിക വാസസ്ഥലങ്ങളൊരുക്കാനാണ് പദ്ധതി. ഇങ്ങനെ വാസസ്ഥലങ്ങളൊരുക്കുമ്പോൾ അതുവഴി ആളുകൾക്ക് ജോലി നൽകാമെന്നും അദേഹം കണക്കുകൂട്ടുന്നു. എന്നെങ്കിലും ഇവരുടെ സ്വന്തം രാജ്യങ്ങളിലെ പ്രശ്നങ്ങൾ അവസാനിച്ചാൽ ഇവർക്ക് സ്വരാജ്യങ്ങളിലേക്ക് മടങ്ങാമെന്നും അദേഹം വ്യക്തമാക്കുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed