ലോകത്തെ പഴയപടിയാക്കാന്‍ കഴിയുന്നത് കോവിഡ് പ്രതിരോധമരുന്നിന് മാത്രമെന്ന് −അന്റോണിയോ ഗുട്ടെറസ്

ദാവോസ്: കോവിഡ്−19 മഹാമാരിക്കെതിരെയുള്ള പ്രതിരോധമരുന്നിന് മാത്രമേ ലോകത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 2020 അവസാനത്തിന് മുൻപ് അത് പ്രതീക്ഷിക്കാമെന്നും ഐക്യരാഷ്ട്രസഭാംഗങ്ങളായ അമ്പതോളം ആഫ്രിക്കൻ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ദശലക്ഷണക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും ആഗോളസാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ലോകത്തെ സാധാരണനിലയിലേക്കും എത്തിക്കാനുള്ള ഒരേയൊരു വഴിയാണ് കോവിഡിനെതിരെയുള്ള ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധമരുന്ന് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണം, ഇതിന് എല്ലാ രാജ്യങ്ങളുടേയും സഹകരണം ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.
പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾക്കായി ലോകരാജ്യങ്ങളിൽ നിന്നും 2 ബില്യൺ ഡോളർ സമാഹരിക്കണമെന്ന് താൻ നേരത്തെ അഭ്യർഥിച്ചിരുന്നു. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കൻ രാജ്യങ്ങളെ കോവിഡ് −19 പരീക്ഷണങ്ങളുമായി സജ്ജമാക്കാൻ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നികുതി റിട്ടേൺ സമർപ്പിക്കാൻ ബിസിനസുകൾക്ക് ഉഗാണ്ട കൂടുതൽ സമയം നൽകി. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര വരുമാനം നൽകാനായി നമീബിയ നടപടികൾ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങൾക്കുള്ള നികുതി കുറച്ചു. ഇത്തരത്തിൽ പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ ലഘൂകരിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു.