കോവിഡ് ബാധിച്ച് ട്രംപിന്റെ സുഹൃത്ത് സ്റ്റാൻലി ചേറ മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് വമ്പൻമാരിൽ ഒരാളും പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സുഹൃത്തുമായ സ്റ്റാൻലി ചേറ കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സുകാരനായ ചേറ ക്രൗണ്‍ അക്വിസിഷൻസ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകനുമാണ്. സ്റ്റാൻലി ചേറയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണു മരണ വിവരം പുറത്തുവിട്ടതെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
2016 മുതൽ 2019 വരെ 402,800 ഡോളറാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ചേറ സംഭാവന നൽകിയത്. ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേശകനുമായ ജെറാദ് കഷ്നറിന്റെ കമ്പനിയുമായും ചേറയുടെ ക്രൗൺ അക്വിസിഷൻസിന് സാമ്പത്തിക ഇടപാടുകളുണ്ട്. കഴിഞ്ഞ നവംബറിൽ ന്യൂയോര്‍ക്കിൽ നടന്ന പരിപാടിയിൽ ‘പ്രിയ സുഹൃത്ത്’ എന്നാണു ചേറയെ ട്രംപ് വിശേഷിപ്പിച്ചത്.
2019ൽ മിഷിഗണിൽ നടന്ന റാലിയിൽ ലോകത്തിലെ തന്നെ വലിയ റിയൽ എസ്റ്റേറ്റുകാരിൽ ഒരാളും ബിൽഡറുമാണു ചേറയെന്നും ട്രംപ് പ്രതികരിച്ചിരുന്നു. മാര്‍ച്ച് 24ന് ആണ് സ്റ്റാൻലി ചേറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോമയിലായ തന്റെ സുഹൃത്ത് കോവിഡിനോടു പൊരുതുകയാണെന്നു ട്രംപ് കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. എന്നാൽ ചേറയുടെ മരണത്തെക്കുറിച്ചു വൈറ്റ് ഹൗസോ, ട്രംപോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.