ആമസോണ്‍ മഴക്കാടുകളിലെ ഗോത്രവിഭാഗത്തിലും കൊവിഡ് മരണം; ആശങ്കയോടെ ലോകം

ബ്രസീല്‍: ബ്രസീലിൽ യാനോ മാമി ആദിവാസി ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് മരണം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 15 കാരനാണ് മരിച്ചത്. ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനെയാണ് വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗങ്ങൾക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.