ഇന്ത്യയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

ലണ്ടൻ: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കാൻ 12 വിമാനങ്ങൾ കൂടി ഏർപ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യയിലുള്ള പൗരൻമാരെ ഒഴിപ്പിക്കാൻ നേരത്തെ ഏഴ് പ്രത്യേക വിമാനങ്ങൾ ബ്രിട്ടൺ സജ്ജമാക്കായിരുന്നു. ആകെ 19 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 5,000 പൗരൻമാരെ തിരിച്ച് നാട്ടിലെത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. തിരുവനന്തപുരം, അമൃത്സർ, ആഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് 12 വിമാനങ്ങൾ പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങളിൽ ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് തിരിച്ചെത്തിക്കുക. 317 ബ്രിട്ടീഷ് പൗരൻമാരെ വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഗോവയിൽനിന്ന് ബ്രിട്ടണിലെത്തിയിരുന്നു. ഏപ്രിൽ 20നുള്ളിൽ 5000 പൗരൻമാരേയും ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കും.