ചാൾസ് രാജകുമാരൻ്റെ ഇന്ത്യയിലെ പത്താമത്തെ ഔദ്യോഗിക സന്ദർശനവും 71-ആം ജന്മദിനാഘോഷവും ഇന്ത്യയിൽ

തിരക്കിട്ട പരിപാടികളാണ് ചാൾസിന് ഇന്ത്യയിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ സുദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ, സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ തന്ത്രപ്രധാനമായ പല വിഷയങ്ങളിലും ഔദ്യോഗിക ചർച്ചകളും കരാറുകളുമുണ്ട്.
ഇന്ത്യൻ സന്ദർശനത്തിനിടെ പതിവായി സിഖ് ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള ചാൾസ് ഇക്കുറിയും അതിനു മുടക്കം വരുത്തുന്നില്ല. ഗുരുനാനാക്കിന്റെ അഞ്ഞൂറ്റിഅമ്പതാമത് ജന്മദിനാഘാഷങ്ങളുടെ ഭാഗമായാണ് ക്ഷേത്ര സന്ദർശനം. ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ജീവൻ ത്യജിക്കേണ്ടിവന്ന ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കുന്ന മിലിട്ടറി സർവീസിൽ അദ്ദേഹം പങ്കെടുക്കും. വില്യം രാജകുമാരനും പത്നി കെയ്റ്റും ഈയിടെ പാക്കിസ്ഥാനിൽ നടത്തിയ വിശദമായ സന്ദർശനം ഏതെങ്കിലും വിധത്തിൽ ഇന്ത്യയ്ക്ക് നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിക്കുന്ന നയതന്ത്രപരമായ സമീപനമായിരിക്കും ചാൾസ് സന്ദർശനത്തിൽ ഉടനീളം സ്വീകരിക്കുക.