സ്പെയിൻ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‍റെ പാർട്ടി വലിയ ഒറ്റകക്ഷി

സ്പെയിൻ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (പി.എസ്.ഒ.ഇ) വലിയ ഒറ്റകക്ഷി. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 99.9 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 123 സീറ്റുകളിൽ പി.എസ്.ഒ.ഇ സ്ഥാനാർത്ഥികൾ വിജയിച്ചു. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം പെട്രോയ്ക്ക് ലഭിച്ചിട്ടില്ല. ഇതോടെ സർക്കാർ രൂപീകരിക്കണമെങ്കിൽ മറ്റു ചെറു പാർട്ടികളെ പെട്രോയ്ക്ക് ആശ്രയിക്കേണ്ടി വരും. പീപ്പിൾസ് പാർട്ടിക്ക് (പി.പി) 66 സീറ്റുകൾ നേടി. സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു. വോക്സിന് 24 സീറ്റുകളും ലഭിച്ചു. 30 ശതമാനം വോട്ടുകളാണ് സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് ലഭിച്ചത്. നാല് വർഷത്തിനിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്.