ഒളിന്പിക്സിന് ഭീഷണി : യാത്രാവിമാനം വെടിവെച്ചിടാൻ പുടിൻ നിർദേശം നൽകി

മോസ്്ക്കോ : 2014−ൽ റഷ്യയിൽ നടന്ന ശീതകാല ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട ഭീകരർ എത്തുന്ന യാത്രാ വിമാനം വെടിവെച്ചിടാൻ ഉത്തരവിട്ടിരുന്നതായി പ്രസിഡണ്ട് വ്ളാഡ്മിർ പുടിന്റെ വെളിപ്പെടുത്തൽ. ഞായറാഴ്ച പുറത്തുവിട്ട ഒരു ഡോക്യുമെന്ററിയിലാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പുടിൻ എന്ന പേരിൽ റഷ്യൻ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ് ഡോക്യുമെന്ററി.
സോചി ഒളിന്പിക്സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുന്പ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ആൻഡ്രെ കോന്ദ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശമുള്ള ഒരു ഫോൺ കോൾ ലഭിച്ചു. ഉക്രെയിനിൽ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികൾ തട്ടിയെടുത്തുവെന്നും വിമാനം സോചിയിൽ ഇറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശം ലഭിച്ചു. റാഞ്ചികളിൽ ഒരാളുടെ കൈവശം ബോംബുണ്ടെന്നും വിവരം ലഭിച്ചു.
ഈ സമയം 40,000 കാണികൾ ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് സോചിയിലെ േസ്റ്റഡിയത്തിൽ വീക്ഷിക്കുന്നുണ്ടായിരുന്നു. ഭീഷണി സംബന്ധിച്ച് വിവരം അറിയിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് വിമാനം അടിയന്തിരമായി വെടിവെച്ചിടാൻ താൻ നിർദേശിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പുടിൻ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്. അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മറ്റി ഉദ്യോഗസ്ഥർക്കൊപ്പം ഈ സമയത്ത് താൻ ഉദ്ഘാടന ചടങ്ങിലായിരുന്നുവെന്നും പുടിൻ പറഞ്ഞു.
എന്നാൽ നിമിഷങ്ങൾക്കം മറ്റൊരു ഫോൺ കോൾ ലഭിച്ചു. ഭീഷണി സന്ദേശം വ്യാജമാണെന്നും വിമാനത്തിൽ ഒരു യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചിരുന്നുവെന്നും വിമാനം തുർക്കിയിലേക്ക് തന്നെ പോയികൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചെന്നും റഷ്യൻ പ്രസിഡണ്ട് പറഞ്ഞു. ഈ മാസം 18ന് റഷ്യൻ പ്രസിഡണ്ടായി പുടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്.