കിമ്മുമായുള്ള ചർച്ച പരാജയപ്പെടാനും സാധ്യതയുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ : ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള ചർച്ച സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചർച്ച പരാജയപ്പെട്ടു കൂടായ്കയില്ലെന്നു പ്രസിഡണ്ട് ട്രംപ്. ചർച്ചയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പെട്ടെന്നു തന്നെ പിൻവാങ്ങുമെന്ന് പെൻസിൽവേനിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രംപ് പറഞ്ഞു.
ചർച്ചാവേളയിൽ ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞിട്ടുണ്ട്. അത് അവർ പാലിക്കുമെന്നാണു വിശ്വാസം. അതേസമയം ട്രംപ്- കിം ചർച്ച പബ്ളിസിറ്റിക്കു വേണ്ടിയല്ലെന്നും പ്രശ്ന പരിഹാരത്തിനാണെന്നും സി.ഐ.എ ഡയറക്ടർ മൈക്ക് പോംപിയോ പറഞ്ഞു. മേയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്രംപ്−- കിം കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തരകൊറിയയ്ക്ക് എതിരെയുള്ള ഉപരോധത്തിൽ യാതൊരു അയവും വരുത്തില്ലെന്നും പോംപിയോ വ്യക്തമാക്കി.