സ്‌കൂൾ പാഠ്യപദ്ധതിയിൽ മതപുസ്തകങ്ങളും സന്മാർഗപാഠവും ഉൾപ്പെടുത്തണമെന്ന് മേനകാഗാന്ധി

ന്യൂഡൽഹി : വിദ്യാർഥികൾക്കിടയിൽ മതപരമായ സഹിഷ്ണുത വളർത്തുന്നതിന് സ്‌കൂൾ പാഠ്യപദ്ധതിയിൽ മതപുസ്തകങ്ങളും സന്മാർഗപാഠവും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് മന്ത്രി മേനകാഗാന്ധി.
സെൻട്രൽ അഡ്വൈൻസറി ബോർഡ് ഓഫ് എജ്യുക്കേഷന്റെ 65−ാം യോഗത്തിലാണ് കേന്ദ്ര വനിതാ−ശിശുക്ഷേമമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. വിവിധ മതങ്ങളിൽപ്പെട്ട വിദ്യാർഥികളിൽ മതസഹിഷ്ണുത വളർത്തുന്നതിനും പരസ്പരം മനസ്സിലാക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മതപരമായ സഹിഷ്ണുതയോടൊപ്പം ദേശസ്‌നേഹവും കുട്ടികളിൽ വളർത്തിയെടുക്കാൻ പാകത്തിന് പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഒഡിഷ വിദ്യഭ്യാസമന്ത്രി ബദ്രി നാരായൺ അഭിപ്രായപ്പെട്ടു.
സ്‌കൂളിൽ ഹാജർസമയത്ത് ജയ് ഹിന്ദ് എന്ന് പറയണം, ഉച്ചഭക്ഷണം പൂർണമായും സസ്യാഹാരമാക്കണം തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുയർന്നു. വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനമാണ് സെൻട്രൽ അഡ്വൈൻസറി ബോർഡ് ഓഫ് എജ്യുക്കേഷൻ.