റോഹിങ്ക്യൻ വിഷയം : വിശദീകരണവുമായി സൂക്കി

യങ്കൂൺ : റോഹിങ്ക്യകൾക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ‘റോഹിങ്ക്യകൾ’ എന്ന് പരാമർശിക്കാത്തതിന് വിശദീകരണവുമായി മ്യാന്മർ ഭരണാധികാരി ഓങ്‌സാൻ സൂക്കി.
പ്രശ്‌നബാധിതമായ സമൂഹത്തിൽ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങൾ ഉപയോഗിക്കേണ്ടെന്ന തീരുമാനമാണു താനെടുത്തതെന്ന് അവർ പറഞ്ഞു. ചിലർ റോഹിങ്ക്യകളെന്നു വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് അങ്ങനെ അറിയപ്പെടാൻ താൽപ്പര്യമില്ല. ചിലർക്കു ബംഗാളികളെന്നു വിളിക്കപ്പെടാനാണു താൽപ്പര്യം. ഇതുമൂലമാണ് അവരെ മുസ്ലിംകൾ എന്നു മാത്രം വിളിച്ചതെന്ന് അവർ പറഞ്ഞു. റോഹിങ്ക്യകൾ എന്ന വൈകാരിക പ്രയോഗത്തെക്കാൾ നല്ലത് മുസ്ലീങ്ങൾ എന്നു പറയുന്നതാണ്. അത് ആർക്കും നിരസിക്കാൻ കഴിയാത്ത വിശദീകരണമാണ്. നമ്മൾ സംസാരിക്കുന്നത് റഖൈനിലെ മുസ്ലീം സമുദായത്തെ കുറിച്ചാണ്. ഈ വിഷയം സംസാരിക്കുന്പോൾ വൈകാരികതയെ പ്രകോപിപ്പിക്കുന്ന തരം പ്രയോഗം എന്തിനാണെന്നും സൂക്കി ചോദിച്ചു.
പട്ടാളത്തിനെ അനുകൂലിച്ച ഓങ്‌സാൻ സൂക്കിയുടെ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകൾ’ എന്ന് പരാമർശിക്കാതിരുന്നത് വിവാദമായിരുന്നു.