ചൈനയുടെ അതിർത്തി വെട്ടിമുറിച്ചെടുക്കാൻ ആരേയും അനുവദിക്കില്ലെന്നു ഷി ജിൻപിങ്

ബെയ്ജിങ് : ചൈനയുടെ അതിർത്തി വെട്ടിമുറിച്ചെടുക്കാൻ ആരേയും അനുവദിക്കുകയില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. രാജ്യത്തെ 'എല്ലാവിധ കയ്യേറ്റങ്ങളിൽ'നിന്നും സംരക്ഷിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയെ (പിഎൽഎ) ഷി ജിൻപിങ് അഭിനന്ദിച്ചു. "ചൈനയുടെ പരമാധികാരവും സുരക്ഷയും പുരോഗതിയും ഇല്ലാതാക്കാമെന്നു ആരും വിചാരിക്കേണ്ട. അതു കയ്പുള്ള അനുഭവമാകും. ആക്രമിക്കുക, അതിർത്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന പ്രവർത്തിക്കുകയില്ല". ഷി ജിൻപിങ് പറഞ്ഞു. സിക്കിമിൽ ഒരു മാസത്തിലേറെയായി ഇന്ത്യ–ചൈന സേനകൾ മുഖാമുഖം സംഘർഷത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിൻപിങ്ങിന്റെ വാക്കുകൾ.
ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പ്രസിഡന്റിന്റെ പ്രസംഗം. ചൈനീസ് ജനത സമാധാനപ്രിയരാണ്. എതു കയ്യേറ്റങ്ങളെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും ഷി ജിൻപിങ് പറഞ്ഞു.
പിഎൽഎയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി 12,000 സൈനികരുടെ വൻ പരേഡ് കഴിഞ്ഞദിവസം ചൈന നടത്തിയിരുന്നു. 2015നുശേഷം ചൈന നടത്തിയ ഏറ്റവും വലിയ ശക്തിപ്രകടനമായിരുന്നു അത്. ആണവായുധങ്ങളും പോർവിമാനങ്ങളും ഉൾപ്പെടെ അറന്നൂറിലധികം തരം യുദ്ധസംവിധാനങ്ങളാണു ചൈന അണിനിരത്തിയത്. സൈനികരും പ്രസിഡന്റുമെല്ലാം യുദ്ധവേഷത്തിലാണ് പരേഡിൽ പങ്കെടുത്തത് എന്നതും പ്രത്യേകതയായിരുന്നു.