ധാക്ക ഭീകരാക്രമണം : ഭീകരരില്‍ ഭരണകക്ഷി നേതാവിന്റെ മകനും

ധാക്ക : ബംഗ്ലാദേശിലെ ധാക്കയിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണം നടത്തിയ ഭീകരരിൽ ഭരണകക്ഷിയായ ആവാമി ലീഗ് നേതാവിന്റെ മകനും. ആകെ ഏഴ് പേരാണ് ധാക്കിയിലെ റസ്റ്റോറന്റില്‍ അക്രമണം നടത്തിയത്. ഇതിൽ ആറു ഭീകരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഒരാള്‍ അവാമി ലീഗിന്റെ മുതിര്‍ന്ന നേതാവ് എസ്.എം ഇംതിയാസ് ഖാന്‍ ബാബുലിന്റെ മകനായ റോഹന്‍ ഇബ്‌നെ ഇംതിയാസും ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
ബംഗ്ലാദേശ് ഒളിംപിക് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയും ധാക്കാ അവാമി ലീഗിന്റെ സിറ്റി ഘടകം നേതാവുമാണ് എസ്.എം ഇംതിയാസ്. തന്റെ മകനെ കാണാനില്ലെന്നു കാണിച്ച് ഇംതിയാസ് ജനുവരി 4 ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. റോഹന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച്ച ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടി താരിഷി അടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും പ്രാദേശിക തീവ്രവാദി സംഘടനയായ ജംമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ആണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.