ദക്ഷിണ കൊറിയയിൽ അമേരിക്കയുടെ യുദ്ധവിമാനം പറന്നു

സിയോള്‍: ദക്ഷിണ കൊറിയയുടെ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനം പറന്നു. ബി-52 എന്ന ബോംബര്‍ വിമാനമാണ് പറന്നത്. ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ നീക്കം. ദക്ഷിണ കൊറിയയ്ക്ക് സുരക്ഷ നല്‍കാനാണെന്നാണ് അമേരിക്കയുടെ പ്രതികരണം. ഉത്തരകൊറിയയ്ക്ക് മുൻപിൽ തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യം കൂടി അമേരിക്കയ്ക്ക് ഉണ്ട്. ഇതിനിടെ ബോംബ് പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആണവായുധങ്ങളുടെ കെടുതികളില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമായാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ചൈനയോട് മാത്രമാണ് ഉത്തരകൊറിയ അല്‍പ്പമെങ്കിലും അടുപ്പം പുലര്‍ത്തുന്നത്. അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജപ്പാനും ശത്രുപക്ഷത്തും. അതിനിടയിലാണ് കൊറിയയുടെ ആണവപരീക്ഷണവും. അതുകൊണ്ട് ശത്രുപക്ഷത്തുള്ളവരും ആശങ്കയിലാണ്.
മിക്ക ലോകരാഷ്ട്രങ്ങളും പല കാരണങ്ങളാൽ ഉത്തരകൊറിയയെ ഉപരോധിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധത്തിനോട് പോലും വിലകല്‍പ്പിക്കുന്നുമില്ല ഉത്തരകൊറിയ. ലോകരാഷ്ട്രങ്ങൾ എല്ലാം എതിർക്കുമ്പോഴും അത് വക വെക്കാതെ നാലാമത്തെ തവണയാണ് ഉത്തര കൊറിയ പരീക്ഷണം നടത്തുന്നത്.