സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം: 57 പേർ മരിച്ചു

ബെയ്റൂട്ട്: സിറിയയിൽ വിമതരുടെ അധീനതയിലുള്ള ഇഡ്ലിബിലെ മാരത്ത് അല്‍ നൂമാന്‍ നഗരത്തിലെ ഇഡ്ലിബ് പ്രവിശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാരും ഇതിൽ പെടുന്നു.
അല്‍ ക്വയ്ദ ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പായ അല്‍ നുസ്റ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കോടതിയും ജയിലും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ 23 പേര്‍ അല്‍ നുസ്റയുടെ പോരാളികളാണെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നിലഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഎസിന്റെയും മറ്റു ഭീകര സംഘടനകളുടേയും താവളങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. ഐഎസിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ സഹകരിക്കാമെന്ന റഷ്യയുടെ നിര്‍ദേശത്തിന് യുഎസ് മറുപടി നല്‍കാത്ത സാഹചര്യത്തിലാണു സ്വന്തനിലയ്ക്ക് റഷ്യ വ്യോമാക്രമണം തുടങ്ങിയത്.