കമ്പി­ളി­ പു­തച്ചു­വന്ന വി­രു­ന്നു­കാ­രൻ...


കഥ - അഷ്ക്കർ പൂ­ഴി­ത്തല

മ്മാ എഴുന്നേൽക്കുന്നില്ലേ നേരം പര പരാ വെളുത്തല്ലോ? നബീസുമ്മാ... നബീസുമ്മാ... രാജന്റെ വിളികേട്ടാണ് നബീസുമ്മ കണ്ണു തുറന്നത്, എന്താ ഇന്ന് നല്ലവണ്ണം ഉറങ്ങിയല്ലോ, സുബഹി നിസ്കരിക്കാൻ എഴുന്നേറ്റില്ലാ ലോ ഇന്ന്. ഇല്ല, ഉറക്കം അങ്ങ് തെളിയുന്നില്ല മോനേ തടിക്കും വല്ലാത്തൊരു ക്ഷീണം. പ്രായമായില്ലേ, ഇനി അവൻ എന്നേ അങ്ങോട്ടേക്ക് എന്ന് വിളിക്കും എന്ന പ്രതീക്ഷയിലാണ് ഓരോ ദിനങ്ങളും തള്ളിനീക്കുന്നത്.

ഉമ്മാ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട വേഗം എണീറ്റ് പല്ലും മുഖവും എല്ലാം കഴുകി വാ. അപ്പോഴെക്കും ഞാൻ ചൂടുള്ള ചായയുമായി വരാം. ചായയും രണ്ട് ദോശയുമായി രാജൻ വീണ്ടും മുന്നിൽ, മോനേ ചായ മാത്രം മതി എനിക്ക്. ശാന്തേ നീ വല്ലതും തിന്നോ...? ഞാൻ തിന്നു നബീസു, ഞാനും ആമിനയും നേരെത്തേ എഴുന്നേറ്റു ചായയെല്ലാം കുടിച്ചിരുക്കുവാ, നീ നല്ല ഉറക്കമായിരുന്നു ഉറങ്ങിക്കോട്ടേ എന്ന് ഞാനും കരുതി.

എന്നിറ്റ് ആമിന എവിടെ? ഓള് ഭാഹ്ക്കലാറ്റം ഉണ്ടാവും (ഭാഹ്ക്കൽ-ഉമ്മറം). ആമിന അങ്ങനെയാണ് എപ്പോഴും ഭാഹ്ക്കൽ തന്നെയിരിക്കും ആരെയോ കാത്തിരിക്കുന്നത് പോലെ. ആര് വരാൻ. ഇവിടെ ഉള്ളവരെ നോക്കി ഒരു കൂടപ്പിറപ്പുകളും വരില്ല എന്നറിയാം. എന്നിറ്റും കാത്തിരിക്കുന്നു ഞങ്ങൾ, കാഴ്ചകൾ എത്തുന്നിടം വരെ കണ്ണും നട്ട്. വെറുതെ മനസിനൊരു സമാധാനത്തിന് വേണ്ടി, അഞ്ച് വർഷം തികയുന്നു. ഞാൻ ഇവിടെ എത്തിയിട്ട് സുബൈറിന്റെ കൈ പിടിച്ച് ഇവിടുത്തെ ഓരോ പടവുകളും ചവിട്ടുന്പോൾ മനസിന്റെ വേദന അവൻ അറിയാതിരിക്കാൻ ചുണ്ടുകളിൽ വരുത്തിയ ചിരിയേ ഞാൻ ഇന്നും ഓർക്കുന്നു. കണ്ണിലെ നനവുകൾ കാണാതിരിക്കാൻ തട്ടം കൊണ്ട് പുതച്ചതും അവൻ കാണാതിരിക്കാൻ വേണ്ടിയായിരുന്നു. അവസാനം ഈ കട്ടിലിൽ എന്നെ ഇരുത്തി ഒന്നും പറയാതെ അവൻ ഇറങ്ങി നടന്നപ്പോൾ പിടഞ്ഞ മനസ് ചോർത്തിയത് കണ്ണു നീരായിരുന്നു. ആറ്റ് നോറ്റ് വളർത്തിയ മക്കൾക്ക് മാതാപിതാക്കൾ അന്യരാകുന്ന കാലം മുൻകൂട്ടി കണ്ടായിരിക്കാം ഇതുപോലെയുള്ള വൃദ്ധസദനങ്ങൾ കുമിളകൾ പോലെ പൊങ്ങി വരുന്നത്, ഈ സദനങ്ങൾ കൂടി ഇല്ലെങ്കിൽ എന്തായിരിക്കും പ്രായമായ ഞങ്ങളുടെ അവസ്ഥ??

നല്ല രീതിയിലല്ലേ ഞങ്ങൾ അവരെ വളർത്തിയത്, ഞങ്ങൾക്ക് പിറന്ന രണ്ട് മക്കൾ റുഖിയ, സുബൈർ റുഖിയാനെ കെട്ടിച്ചയച്ചു, സുബൈറും കല്യാണം കഴിച്ചു, ബാപ്പയേയും ഉമ്മയേയും ഞങ്ങൾ പൊന്നു പോലെ നോക്കും എന്നു വാതോരാതെ സംസാരിച്ചവർ. ഇന്നിതാ വർഷം അഞ്ചു കഴിയുന്നു ഇവിടെ. ഭർത്താവിന്റെ മരണത്തോടെ ഞാൻ ഒറ്റപ്പെട്ടിരുന്നു... കാലം കഴിയവേ മക്കൾക്ക് ഞാൻ അന്യമായി കൊണ്ടിരുന്നു. ജീവിതത്തിലെ വേലിയേറ്റത്തിൽ കരസ്ഥമാക്കിയ സന്പാദ്യങ്ങൾ മുഴുവനും സമർപ്പിച്ച ഹതഭാഗ്യ... അവസാനം വിറയാർന്ന കൈകൾ കൊണ്ട് അവൻ എഴുതി ചേർത്ത പത്രങ്ങളിൽ വിരലടയാളം പതിപ്പിക്കുന്പോൾ ഈ പടവുകൾ കയറേണ്ടി വരുമെന്ന് ഓർത്തില്ല, ഇക്കാ നിങ്ങൾ ഭാഗ്യവാനാണ്. നേരത്തേ അങ്ങ് പോയല്ലോ. ഇതെല്ലാം കാണാനും അനുഭവിക്കാനുമുള്ള യോഗം എനിക്കായിരിക്കും..... എന്തായാലും എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല, മരണം അതാണ് ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്, പെറ്റ് പോറ്റി വളർത്തിയ മക്കളുടെ സാമീപ്യമല്ല, ഓരോ നിമിഷവും അസ്റാഹീലിന്റെ (മാലാഖ) വരവും പ്രതീക്ഷിച്ചാണ് ദിനങ്ങൾ തള്ളിനീക്കുന്നത്.

മരണസമയത്ത് ഒന്ന് കൈ പിടിക്കുവാനും ഒരു തുള്ളി വെള്ളം നൽകുവാനും ഭർത്താവും മക്കളും കൂടെ ഉണ്ടാവുമെന്ന് ഒരുപാട് ആശിച്ചിരുന്നു.... പക്ഷേ. എന്റെ കൈ കൊണ്ട് വെള്ളം കുടിക്കുവാനും എന്റെ തലോടലുകൾ ഏറ്റുവാങ്ങി മരിക്കാനും അങ്ങേയ്ക്കാണ് ഭാഗ്യം. അപ്പോൾ നിങ്ങളാണ് ഭാഗ്യവാൻ....

നിങ്ങൾ അറിയുന്നുണ്ടോ ഇപ്പോൾ എന്റെ സ്ഥിതി? ഞാനിപ്പോൾ ഒരുപാട് സമപ്രായക്കാർ ഒത്തുകൂടിയ വൃന്ദാവനത്തിലാണ്, കുശലങ്ങൾ അന്വേഷിക്കാൻ നിത്യ സന്ദർശകരായി ഒരുപാട് സ്കൂൾ വിദ്യാർത്ഥികളും അവരുടെ ടീച്ചർമാരും പിന്നെ ഇടയ്ക്കിടക്ക് ഭക്ഷണ പൊതിയുമായി കടന്നുവരുന്ന പ്രവാസി മനുഷ്യത്വങ്ങളും കൂടെ ഇവിടുത്തെ ഡോക്ടർമാരും പരിചാരകളും അതിലുപരി പക്ഷികളുടെ കലപില ശബ്ദങ്ങളും. ഞങ്ങളെ തലോടി കടന്ന് പോകുന്ന മന്ദമാരുതനും എല്ലാംകൊണ്ടും ഭൂമിയിലെ സ്വർഗ്ഗസദനം. ഇതെല്ലാം അനുഭവിക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലാതെ പോയി.

മക്കൾക്ക് വേണ്ട എല്ലാ കാര്യങ്ങളും നമ്മൾ ഭംഗിയായി ചെയ്തിരുന്നില്ലേ, എന്നിട്ടും അവരെന്നെ. അവർക്ക് വേണ്ട ആത്മീയതയും ഭൗതികവുമായ വിദ്യഭ്യാസം നാം നൽകിയില്ലേ. അവർക്ക് ഇഷ്ടപ്പെട്ട ഇണകളെ നാം കൊടുത്തില്ലേ. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നാമും ജീവിതമെന്ന പങ്കായം തുഴഞ്ഞില്ലേ, എന്തും നാം അവർക്ക് തിരഞ്ഞെടുക്കുന്പോൾ അതിന്റെ ക്വളിറ്റിയും വിലയിരുത്തിയില്ലേ. ഒരു കുഞ്ഞുടുപ്പായാലും ഒരു മിഠായി കഷണമായാലും അതിന്റെ നിലവാരം നാം ശ്രദ്ധയോടെ നോക്കിയില്ലേ, എല്ലാം ഭംഗിയാക്കി വെച്ച ജീവിതത്തിൽ അവർ എന്നെ തനിച്ചാക്കി, അവർ പിച്ചവെക്കുന്പോൾ വീഴാതിരിക്കാൻ കൈ താങ്ങാവാൻ നമ്മൾ പരസ്പരം മത്സരിച്ചില്ലേ, നമ്മുടെ നെഞ്ചോട് ചേർത്തു വെച്ചല്ലേ നാം അവരുടെ വളർച്ചയെ കണ്ടത്. അവരെ ഒന്ന് നുള്ളിനോവിക്കാൻ പോലും ഞാൻ നിങ്ങളെ അനുവദിച്ചിട്ടില്ലാലോ....? എന്നിട്ട് പോലും അവർ എന്നെ. മേഘപാളിയിൽ കൂടി തെറിച്ചുവന്ന സൂര്യകിരണങ്ങൾ ജനൽ ചില്ലുകൾ കടന്ന് ഭിത്തിയിൽ പതിക്കുന്നു. ആമിന ഇപ്പോഴും ഭാഹ്ക്കൽ തന്നെ ഇരിപ്പാണ് ശാന്ത കട്ടിലുമ്മൽ കിടന്ന് നേർ ദിശയിലേക്ക് നോക്കിയിരിക്കുകയാണ്. രാജൻ അലക്കി തേച്ച ഒരു ബെഡ്ഷീറ്റും തലയണ കവറുമായി കാലിയായി കിടക്കുന്ന കട്ടിലിൽ വിരിക്കുകയാണ്. ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു രാജനെ നോക്കി അതുകണ്ടപ്പോൾ ശാന്തയും എഴുന്നേറ്റു. ഞങ്ങൾ രണ്ട് പേരുടെയും നോട്ടത്തിന്റെ അർത്ഥം മനസിലായി എന്നോണം രാജൻ പറഞ്ഞു. നോക്കണ്ട പുതിയ കൂട്ടുകാരി വരുന്നുണ്ട് ഇവിടെയ്ക്കോ....? അതെ, പേര് എൽസമ്മ. അതും പറഞ്ഞു രാജൻ മുറിയിൽ നിന്നു പോയി.

രാജന്റെ കൈ പിടിച്ച് നടന്നുവന്ന എൽസമ്മ ഞങ്ങളെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു ഞാനും ശാന്തയും ചിരിച്ച് കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു. രാജന്റെ ഓരോ തമാശകൾ കേട്ട് മുഖത്ത് വന്ന ചിരിയെക്കാൾ കൂടുതൽ ഉണ്ടാവും ആ മനസിന്റെ നൊന്പരങ്ങൾ. ഇവിടെ നൊന്പരങ്ങൾക്ക് സ്ഥാനമില്ല എൽസമ്മേ. എൽസമ്മയുടെ കഥകൾ ഒന്നും കേൾക്കാൻ നിന്നില്ല ഞങ്ങൾ. അതെല്ലാം പിന്നീട് താനെ പറയും അല്ലെങ്കിൽ പറഞ്ഞ് പോവും. ഓർമകളിൽ തിരുകി വെച്ച ഒരോ നിമിഷങ്ങളും ഓർത്തോർത്ത് പറയാൻ പോകാനൊരുങ്ങിയ രാജനെ വിളിച്ചു. രാജാ... ഞാൻ മരിച്ചാൽ എന്റെ മയ്യത്ത് എന്റെ ഭർത്താവ് കിടക്കുന്ന പള്ളി കാട്ടിൽ വെക്കണെ. നെബീസു നിനക്ക് കുറച്ച് കൂടുന്നുണ്ടേ. രാജൻ അങ്ങനെയാണ് ദേഷ്യം വന്നാൽ എല്ലാവരെയും പേര് വിളിച്ചാണ് ശകാരിക്കുക. അവിടെ കഴിയുന്നവരുടെയെല്ലാം പിറക്കാത്ത മകനാണ് രാജൻ. ആമിന നടന്ന് വരുന്നത് കണ്ടപ്പോൾ നബീസുമ്മ ചോദിച്ചു നിന്നേയും തിരക്കി ആരെങ്കിലും വന്നോ.....? മനസിലെ വിമ്മിട്ടങ്ങൾ തന്റെ ചുണ്ടുകളിൽ കടിച്ചമർത്തി കട്ടിലിൽ വന്നുകിടന്ന ആമിന തട്ടം കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. രാത്രിയിൽ ചോറു തിന്നാൻ വിളിച്ച രാജൻ എന്നോട് സുകാര്യതയിൽ പറഞ്ഞു നെബസുമ്മ നിങ്ങൾ ഇപ്പോഴൊന്നും മരിക്കൂല. ഭർത്താവിനോട് കുറച്ചും കൂടി അവിടെ കിടക്കാൻ പറയൂ, എന്നെ ദൈവം വിളിച്ചു കഴിഞ്ഞാലേ നിങ്ങളെയും വിളിക്കുകയുള്ളൂ. മറുപടിക്കു കാക്കാതെ രാജൻ നടന്നകന്നു. കന്പിളി പുതച്ച് ഇരുട്ട് എന്നെ പേടിപ്പിക്കുന്നത് പോലേ തോന്നുന്നൂ. ഒരിക്കലും ഇല്ലാത്ത ഒരു വെപ്രാളം മനസിനെ താളം തെറ്റിക്കുന്നു. തണുപ്പ് ശരീരത്തെ വരിഞ്ഞ് മുറുക്കുന്നതായി തോന്നുന്നൂ. ഇടനാഴികളിൽ ആരോ ഊഴവും കാത്ത് നിൽക്കുന്നത് പോലെ. ആരാണത്, ചോദ്യം പുറത്ത് വന്നില്ല തൊണ്ടയിലെ ഉമിനീര് വറ്റിവരണ്ടിരിക്കുന്നു. ആരാണത് ആ മൂലയിൽ ഒളിഞ്ഞിരിക്കുന്നത് അസ്റായീലാണോ. പിറ്റേന്ന് രാവിലെ രാജൻ വന്ന് വിളിച്ചപ്പോൾ നെബീസുമ്മ കണ്ണ് തുറന്നില്ല. രാജന്റെ വിളി കേൾക്കാൻ ചലനമറ്റ ശരീരം മാത്രം.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed