തെ­രുവ് നാ­യ്ക്കൾ....


കവിത - കെ.ജി ബാബു 

 

തെരുവിന്റെ മക്കളെ കരയേണ്ട

നിങ്ങളുടെ കണ്ണീർ തുടയ്്ക്കുവാനാരുമില്ല

തെരുവിന്റെ മക്കളെ തളരേണ്ട

നിങ്ങൾക്ക് കൈതാങ്ങിനായിവിടെയാരുമില്ല

 

തെണ്ടുന്നു തെറിവിളികൾ കേട്ടു നിങ്ങൾ

തെരുവിൽ തെണ്ടാനിറങ്ങുന്പോൾ സൂക്ഷിക്കുക

മിണ്ടാതെ തെരുവിൽ ചുരുണ്ടുറങ്ങുന്പോൾ

കടിക്കൊള്ളാതിരിക്കുവാൻ പ്രാർത്ഥിക്കുക

തെരുവിന്റെ മക്കളെ വിശക്കല്ലെ നിങ്ങൾക്ക്

അന്നം തരാനിവിടെയാരുമില്ല.

 

കൂർത്ത പല്ലും കൂർത്ത നഖവും മുഖവുമായ്

കാത്ത് നിൽപ്പുണ്ട് പുറത്ത് നായ്ക്കൾ

പേ പിടിച്ചലയുന്ന തെരുവ് നായ്ക്കൾ

ഇര തേടുന്പോൾ കൺമുന്പിൽ പെട്ടിടേണ്ട

തെരുവിന്റെ മക്കളെ ഓടേണ്ട

നിങ്ങൾക്കൊളിക്കുവാൻ വേറെയിടവുമില്ല.

 

കുപ്പയും കുപ്പത്തൊട്ടികളുമെല്ലാം

ചക്രവ്യൂഹം തീർത്തു തെരുവുനായ്ക്കൾ

വട്ടമിട്ടോളിയിട്ടാർത്തു കുരയ്ക്കുന്ന

പേ പട്ടിയെ പേടിച്ചെടുത്തുകൂടാ

എച്ചിൽ പട്ടിയെ പേടിച്ചെടുത്തു കൂടാ

 

തെരുവിന്റെ മക്കളെ അറിയില്ല പട്ടിക്ക്

തെണ്ടികളാണല്ലോ നിങ്ങളെന്ന്

തെണ്ടുന്ന കൈകാൽ കടിച്ചു കീറും

അവ, തുണ്ടുതുണ്ടങ്ങളായ് തിന്ന് തീർക്കും

തെരുവിന്റെ മക്കളെ ഗതികെട്ട മക്കളെ

സഹികെട്ട് നായയെ തല്ലിടാതെ

എത്തും ചില മൃഗസ്നേഹികൾ നിങ്ങളെ

നിയമക്കുരുക്കിൽ കുഴിച്ചു മൂടും

 

ഏത് പട്ടിക്കുമുണ്ടൊരു കാലം

എന്ന് കേട്ടിരിക്കുന്നു നാം പണ്ടേ

ഇന്നു നാം കാണുന്നതെല്ലാം നമ്മുടെ

കൺമുന്പിൽ കേരള നാട്ടിൽ

പട്ടിയുടെ വിലപോലുമില്ലാത്ത നാട്ടിൽ

തെണ്ടേണ്ട നിങ്ങളിനി യാത്രയാകൂ

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed