ഗൾഫുകാരൻ...


കഥ - സ്റ്റാൻലി അടൂർ

 

“എഴുത്തുകാരാ....... എഴുത്തുകാരാ.....” വിളികേട്ട് ഞാനുണർന്നു. എന്റെ കട്ടിലിനോട് ചേർന്ന് തറയിൽ ഇരുന്ന് എന്നെ വിളിക്കുന്ന അപരിചിതനെ കണ്ട ഞാൻ ഞെട്ടി. വിറയാർന്ന സ്വരത്തിൽ ഞാൻ അയാളോട് ചോദിച്ചു. “ആരാണ് നിങ്ങൾ? എന്തുവേണം ഈ പാതിരാത്രിയിൽ?” അയാൾ മറുപടി പറഞ്ഞു. “ഭയപ്പെടേണ്ട, ഞാനൊരു ഗൾഫുകാരനാണ്.” അൽപ്പം നീരസത്തോടെ ഞാനും പറഞ്ഞു. “നിങ്ങളെപ്പോലെ ഞാനും ഒരു ഗൾഫുകാരനാണ്.” “താങ്കളും എന്നെപ്പോലെ ഒരു ഗൾഫുകാരനായതു കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്. നിങ്ങൾ എന്നെക്കുറിച്ച് എഴുതണം.” അയാൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് ഞാൻ ഇങ്ങനെ തുടർന്നു. “23ാം വയസിൽ സ്വന്തം നാടിനോട് വിടപറഞ്ഞു ഈ മരുഭൂമിയിൽ എത്തി. ആദ്യത്തെ രണ്ടുവർഷക്കാലം കൊണ്ട് വിസായുടെ കടം വീട്ടി. പിന്നീടുള്ള നാലുവർഷത്തെ അദ്ധ്വാനം കൊണ്ട് പെങ്ങന്മാരെ കെട്ടിച്ചു വിട്ടു. ആറ് വർഷത്തിന് ശേഷം ആദ്യമായി നാട്ടിലേയ്ക്ക് ലീവിനു പോയി. വീടു പണിതു. കല്യാണം കഴിച്ചു. മക്കൾ ഉണ്ടായി. പിള്ളേരെ നല്ലവണ്ണം പഠിപ്പിച്ചു. നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു. അറുപത്തഞ്ചാം വയസിൽ അനേകം രോഗങ്ങളുമായി ഒരു ജീവച്ഛവം പോലെ നാട്ടിലേക്ക് അല്ലെങ്കിൽ ശവമായിത്തന്നെ നാട്ടിലേക്ക്.... ഇതാണോ ഞാൻ എഴുതേണ്ടത്?” ഞാൻ അയാളോട് ചോദിച്ചു.

അയാൾ അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം എന്നോടു പറഞ്ഞു. “ഇത് അനേകർ എഴുതിയിട്ടുള്ളതാണ്, ചിലർ ഈ കഥ സിനിമയും ആക്കിയിട്ടുണ്ട്. എനിക്കിതല്ല വേണ്ടത്..” ഞാൻ ചോദിച്ചു. “പിന്നെയെന്താണ് ഞാൻ എഴുതേണ്ടത്?” അയാളുടെ നിശബ്ദത എന്നെ വീണ്ടും വാചാലനാക്കി.

“ഒരു ലക്ഷ്യവും ഇല്ലാതെ നാട്ടിൽ നടന്ന തന്നെയും മറ്റനേകരെയും ഈ നാട്ടിൽ കൊണ്ടുവന്നു നല്ല ജീവിതത്തിനുടമകൾ ആക്കിയ ആ മനുഷ്യസ്നേഹിയുടെ കഥയാണോ ഞാൻ എഴുതേണ്ടത് പറയൂ..”. അയാൾ പറഞ്ഞു. “അല്ലേ... അല്ല.” ഞാൻ തുടർന്നു. “പ്രാരാബ്ദങ്ങളുടെ നടുവിൽ വളർന്ന സുന്ദരിയായ പെൺകുട്ടി, അവൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഈ നാട്ടിലേക്ക് കൊണ്ടുവന്ന പലർക്കും കാഴ്ച വെയ്ക്കുന്ന ദുഷ്ടനായ മനുഷ്യന്റെ കഥ. അല്ലെങ്കിൽ മറ്റു നിവർത്തിയില്ലാതെ വിശപ്പടക്കാനും നിലനിൽക്കാനും വേണ്ടി ശരീരം വിറ്റു ജീവിക്കുന്ന സഹോദരിയുടെ കഥ. അതുമല്ലെങ്കിൽ തന്നെ പിച്ചിചീന്താൻ വരുന്നവരുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കും രക്ഷപ്പെട്ട സുന്ദരിയുടെ കഥ. ഇതിൽ ഏതാണ് ഞാൻ നിങ്ങൾക്കെഴുതി തരേണ്ടത്?”

പെട്ടെന്നയാൾ അലറി. “നിർത്തൂ....” ഞാൻ ഞെട്ടി വിറച്ചു. അയാൾ തുടർന്നു. “എനിക്കിതൊന്നുമല്ല എഴുതിക്കിട്ടേണ്ടത്....” ഞാൻ ശാന്തത കൈവെടിയാതെ അയാളോടു പറഞ്ഞു. “എങ്കിൽ താങ്കൾ തന്നെ പറയൂ.. താങ്കളുടെ കഥകൾ.”

അയാൾ ഒരു ദീർഘനിശ്വാസത്തിന് ശേഷം ഇങ്ങനെ തുടങ്ങി. “ഞാൻ പറയാൻ പോകുന്നത് എന്റെ കഥയാണ്. അല്ലെങ്കിൽ അനേകം ഗൾഫുകാരുടെ അനുഭവമാണ്. ഈ കഥകൾക്കൊക്കെ ഇരുട്ടിന്റെ ഇടനാഴിയിൽ അല്ലെങ്കിൽ ഏകാന്തതയിൽ നിന്നൊഴുകിയ കണ്ണുനീർ തുള്ളികളുടെ പുളിപ്പ് ഉണ്ട്. ഹൃദയത്തിൽ നിന്നു പൊടിഞ്ഞ രക്തതുള്ളികളുടെ ഗന്ധമുണ്ട്.”

ഞാൻ ആകാംക്ഷയോടെ അയാളെ നോക്കി. അയാളുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. ഞാൻ അയാൾക്ക് ഊർജ്ജം പകരാൻ എന്ന വണ്ണം പറഞ്ഞു. “താങ്കളുടെ കഥകൾ, എന്റേയുമാണ്, മടിക്കാതെ പറയൂ...”. അയാൾ തുടർന്നു. “തെറ്റൊന്നും ചെയ്യാതെ തെറ്റിദ്ധാരണയുടെ പുറത്ത് സ്വന്തക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒറ്റപ്പെടുത്തിയ ഗൾഫുകാരന്റെ കഥ. സത്യന്ധതയും ആത്മാർത്ഥതയും ചവുട്ടി മെതിച്ച് സ്വാർത്ഥതയും പ്രഹസനവും വിജയമാഘോഷിക്കുന്ന കഥ. വെറുതെ സംശയിക്കപ്പെടുകയും സംശയിക്കുകയും ചെയ്യുന്ന ഗൾഫുകാരുടെ കഥ. സ്നേഹസന്പന്നനായ മേലധികാരിയെ നിസ്വാർത്ഥമായി സ്നേഹിച്ചതിനാൽ സഹപ്രവർത്തകരാൽ ‘ചംഛ’ എന്ന പേരുചാർത്തപ്പെട്ട് പരിഹാസ്യനായി ജീവിതം നയിക്കുന്ന ഗൾഫുകാരന്റെ കഥ. മുതലാളിമാരുടെ ആ‍ജ്ഞകൾ അക്ഷരം പ്രതി നിറവേറ്റുന്നതിന്റെ പേരിൽ ദുഷ്ടന്മാരും വർഗ്ഗസ്നേഹമില്ലാത്തവരുമായി മുദ്ര കുത്തപ്പെടുന്ന മാനേജർമാരുടെയും അക്കൗണ്ടന്റുമാരുടെയും ഫോർമാൻമാരുടെയും കഥകൾ....... പ്രിയ സ്നേഹിതാ ഇത്തരത്തിലുള്ള ശ്രദ്ധിക്കപ്പെടാത്ത പോകുന്ന കഥകളാണ് താങ്കൾ എനിക്കായി എഴുതിത്തരേണ്ടുന്നത്...” അയാൾ നിർത്തി...

ഞാൻ അയാളോട് ചോദിച്ചു. “വിഷയ ദാരിദ്ര്യത്താൽ ഞാൻ വലഞ്ഞപ്പോൾ നീ എന്തുകൊണ്ട് ഈ കഥകളുമായി എന്റെ അരികത്തേയ്ക്ക് വന്നില്ല?” അയാൾ ഒരു പുഞ്ചിരിയോടു കൂടി ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ സംഭാഷണം പോലെ മറുപടി പറഞ്ഞു. “എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് സുഹൃത്തേ...” അയാൾ ഒരു അപേക്ഷാ സ്വരത്തിൽ എന്നോടു ചോദിച്ചു. “താങ്കൾ ഈ കഥകൾ അക്ഷരങ്ങളായും വാക്കുകളായും വാചകങ്ങളായും പേപ്പറിലേയ്ക്ക് പകർത്തില്ലേ?” ഞാൻ മറുപടിയായി പറഞ്ഞു. “തീർച്ചയായും സോദരാ.. നിനക്കു വേണ്ടിയും മറ്റനേകർക്കു വേണ്ടിയും ഞാൻ ഇതെഴുതും.”

അയാൾ സന്തോഷാശ്രുക്കൾ പൊഴിച്ചു കൊണ്ട് എന്നോടു ചോദിച്ചു. “എനിക്ക് വേണ്ടി കഥകൾ എഴുതാൻ പോകുന്ന നിന്റെ വലംകരത്തിൽ ഞാൻ ഒരു സ്നേഹചുംബനം നൽകട്ടെ..” ഞാൻ എന്റെ വലംകൈ അയാളുടെ മുന്നിലേക്ക് നീട്ടി. പെട്ടെന്നു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു ഞാൻ കൈകൾ പിന്നിലേക്ക് വലിച്ചു. എന്നോടൊപ്പം അയാളും മുഖം വാതിലിനരികത്തേക്കു തിരിച്ചു. ഞാൻ ചാടി എഴുന്നേറ്റു ലൈറ്റിട്ടു. ഇത്രയും നേരം എന്നോടൊപ്പം ഉണ്ടായിരുന്ന ഗൾഫുകാരൻ എവിടെ എന്ന് എന്റെ കണ്ണുകൾ പരതി. വീണ്ടും ശക്തിയായി ആരോ വാതിലിൽ മുട്ടുന്ന ശബ്ദം. ഞാൻ ധൈര്യം സംഭരിച്ചു വാതിൽ തുറന്നു. തെല്ലൊരു ദേഷ്യത്തോടെ ഡ്രൈവർ ജോണിച്ചായൻ നിൽക്കുന്നു. അയാൾ എന്നോടു ചോദിച്ചു. “നീ ഇന്ന് ഓഫീസിൽ വരുന്നില്ലേ?”

ഞാൻ പറഞ്ഞു “ഇല്ല ജോണിച്ചാ നല്ല സുഖമില്ല...” അയാൾ വിടാൻ ഭാവമില്ലായിരുന്നു. “നിനക്കിതൊന്നു വിളിച്ചു പറയാൻ മേലായിരുന്നോ? പറഞ്ഞിരുന്നേൽ നിന്നെ എടുക്കാൻ ഇവിടം വരെ വരണ്ടായിരുന്നു.” എന്ന് പിറുപിറുത്തു കൊണ്ട് പടിയിറങ്ങി...

ജോണിച്ചായൻ ഇറങ്ങിയതും ഞാൻ വേഗത്തിൽ പേപ്പറും പേനയും എടുത്ത് മേശയ്ക്കരികിലേയ്ക്ക് നടന്നു. എന്റെ മനസപ്പോൾ പത്തു കുഞ്ഞുങ്ങൾക്ക് ഒരേസമയം ജന്മം നൽകാൻ പേറ്റു നോവിനാൽ പിടയുന്ന ഒരു പെണ്ണിന്റെ അവസ്ഥയിലായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed