സൂര്യ നായകനാകുന്ന സൂരറൈ പോട്ർ’ ഓസ്കറിൽ മത്സരിക്കും

ചെന്നൈ: സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ർ’ ഓസ്കറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ഓസ്കർ നോമിനേഷനിലേയ്ക്ക് പരിഗണിക്കുന്നതാണ് ആദ്യ പടി. കോവിഡ് പ്രതിസന്ധികൾ ഉള്ളതിനാൽ മത്സരത്തിന് അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ ഓസ്കർ അക്കാദമി പലവിധ മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ജനറൽ കാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ധ്യനാണ് ഈ വിവരം വ്യക്തമാക്കിയത്.
സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ആഞ്ചൽസിലോ മറ്റോ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങൾ ചിത്രം ഓൺലൈനായി കാണും. സുധാ കൊംഗാര സംവിധാനം ചെയ്ത് സൂര്യ നായകനായും അപർണ ബാലമുരളി നായികയായുമെത്തിയ ‘സൂരറൈ പോട്ർ’ എന്ന തമിഴ് ചിത്രം പ്രേക്ഷക പ്രശംസ ഏറെ പിടിച്ചു പറ്റിയ ചിത്രമാണ്. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ർ.