സംഗീതോപകരണങ്ങൾ നീക്കം ചെയ്തതായും ഈണങ്ങൾ മോഷ്ടിച്ചതായും ഇളയരാജ

ചെന്നൈ: തന്റെ സംഗീതോപകരണങ്ങൾ നീക്കം ചെയ്തുവെന്നും ചിലത് നശിപ്പിച്ചുവെന്നും ചില ഈണങ്ങൾ മോഷ്ടിച്ചുവെന്നുമാരോപിച്ച് പ്രസാദ് സ്റ്റുഡിയോ ഉടമയ്ക്കതിരെ ഇളയരാജ പോലീസിൽ പരാതി നൽകി.
സ്റ്റുഡിയോ സ്ഥാപകൻ എൽ.വി പ്രസാദിന്റെ കാലത്ത് തന്നെ റെക്കോർഡിംഗ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോയുടെ ഒരു ഭാഗം ഇളയരാജയ്ക്ക് നൽകിയിരുന്നു.
എൽ.വി പ്രസാദിന്റെ കാലശേഷം മകൻ രമേഷ് പ്രസാദ് ഇതേ പതിവ് തുടർന്നിരുന്നു. അടുത്ത തലമുറയിലെ സായ് പ്രസാദ് സ്റ്റുഡിയോ ഉടമസ്ഥത ഏറ്റെടുത്തപ്പോൾ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നു.
കോവിഡ് 19 ലോക്ഡൗൺ കാലത്ത് സായ് പ്രസാദിന്റെ ആളുകൾ തന്റെ അനുവാദം കൂടാതെ സ്റ്റുഡിയോയിൽ പ്രവേശിച്ചു. ശേഷം വിലപിടിപ്പുള്ള പല സംഗീതോപകരണങ്ങളും നശിപ്പിച്ചുവെന്നും ചിലത് കാണാനില്ലെന്നും സംഗീതസംവിധായകൻ പരാതിയിൽ ആരോപിക്കുന്നു. തന്റെ ചില ഈണങ്ങൾ സായ് പ്രസാദ് വലിയ ലാഭത്തിൽ വിറ്റുവെന്നും പരാതിയിലുണ്ട്.