ലാൽ ജോസിന്റെ 25ാം ചിത്രം ‘നാൽപത്തിയൊന്ന്’
കൊച്ചി: ബിജു മേനോനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാൽപ്പത്തിയൊന്ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. നിരവധി ലാൽ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോൻ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ നായകനാകുന്നത്.
അതേസമയം ഒരു ടിക് ടോക് ചലഞ്ചുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ലാൽ ജോസ് 25 ചലഞ്ച് എന്നാണ് ചലഞ്ചിന്റെ പേര്.
ലാൽ ജോസ് ചിത്രങ്ങളിലെ ഡയലോഗോ ഗാനങ്ങളോ ടിക് ടോക് ചെയ്യുകയാണ് ഇവിടെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്ന ടിക് ടോക് വീഡിയോ ലാൽജോസ് 25, 41 മൂവി എന്നീ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യുക. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചലഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ അപ്പളപ്പോൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
ചിത്രത്തിൽ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരിൽ നിന്നുള്ള നിരവധി അമച്വർ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാർ. എൽ.ജെ ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

