മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സകരിയ മുഹമ്മദിന്


തിരുവനന്തപുരം: 2018ലെ ദേശീയ തലത്തിൽ‍ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന മലയാള സിനിമയുടെ സമവിധായകൻ സകരിയ മുഹമ്മദിന്. സംവിധായകൻ ശ്യാമപ്രസാദ്, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രൻ, വി.കെ നാരായണൻ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠേനയാണ് സകരിയ മുഹമ്മദിനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തത്. പ്രമേയ പരിചരണം, ചിത്രീകരണം, പാത്രാവിഷ്കാരം എന്നീ പ്രധാന മേഖലകളിൽ‍ ശ്രദ്ധേയമായ കൈയ്യടക്കം പ്രകടമാക്കാൻ ആദ്യ ചിത്രത്തിലൂടെ തന്നെ സകരിയക്ക് സാധിച്ചെന്ന് ജൂറി വിലയിരുത്തി. നർ‍മ്മ മാധുര്യവും, സഹഭാവവും, നാടകീയതയും ഊഷ്മളതയും സമാസമം ചേർ‍ത്ത് ഒരു ഗ്രാമത്തിലെ ഫുട്ബോൾ‍ ടീമിന്റെ കഥ പറയുന്നതിലൂടെ മനഃസാക്ഷിയിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസത്തെ പുനഃസ്ഥാപിക്കുന്നതിൽ‍ സംവിധായകൻ പൂർ‍ണ്ണമായും വിജയിച്ചെന്നും ജൂറി പുരസ്ക്കാര പ്രഖ്യാപനത്തിൽ‍ പറയുന്നു. രാജ്യാന്തരമായ ഒരു പ്രമേയ പരിപ്രേക്ഷമാണ് സുഡാനി ഫ്രം നൈജീരിയ മുന്നോട്ട് വെക്കുന്നുവെങ്കിലും നമുക്ക് തൊട്ടടുത്ത് നടക്കുന്ന കഥയായി അവതരിപ്പിക്കാനും വിഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ സമാശ്വസിപ്പിക്കുന്നതിൽ‍ സ്നേഹ സ്പർ‍ശമായി ചിത്രത്തെ മാറ്റാനും സംവിധായകന് കഴിഞ്ഞെന്നും ജൂറി വിലയിരുത്തുന്നു.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ‍ നിന്നുമായി 25 ചിത്രങ്ങളാണ് ഈ വർ‍ഷം അരവിന്ദൻ പുരസ്കാര മത്‍സരത്തിൽ‍ പങ്കെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ജി. അരവിന്ദന്റെ ചരമദിനമായ മാർ‍ച്ച് 15ന് തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കും.

ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചിരിക്കുന്നത്. രാജ്യാതിർ‍ത്തികൾ‍ കടന്ന് മൊറോക്കയിൽ‍ വെച്ച് പുരസ്കാരം ലഭിക്കുന്ന ആദ്യ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മൊറോക്കോയിൽ‍ നടന്ന ഫെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. സക്കരിയ മുഹമ്മദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഐ.എഫ്.എഫ്‌.കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാർ‍ഡും മോഹൻ രാഘവൻ പുരസ്‌കാരവും നേടിയിട്ടുണ്ട് ചിത്രം. ഫേസ്ബുക്കിലെ ജനാധിപത്യപരമായ പുരസ്ക്കാരമെന്നറിയപ്പെടുന്ന സിനിമാ പാരഡൈസോ പുരസ്ക്കാരം ചിത്രത്തിന്റെ പിന്നണി പ്രവർ‍ത്തകർ‍ക്ക് ലഭിച്ചിരുന്നു. സക്കരിയ മുഹമ്മദും മുഹ്‌സിൻ പരാരിയും ചേർ‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിർ‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റർ‍ടെയ്ന്‍മെന്റിന്റെ ബാനറിൽ‍ സമീർ‍ താഹിറും ഷൈജു ഖാലിദും ചേർ‍ന്നാണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസിലും ലഭിച്ചിരുന്നത്.

You might also like

  • Straight Forward

Most Viewed