ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാസെന്റർ ഹൈദരാബാദിൽ സ്ഥാപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

സോഫ്റ്റ് വെയർ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഹൈദരാബാദിൽ ആരംഭിക്കാൻ തയാറെടുക്കുന്നു. ഇന്ത്യയിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററാണ് ഹൈദരാബാദിൽ ഒരുങ്ങുന്നത്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ അഞ്ച് വർഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകൾ പ്രവർത്തിച്ചുവരികയാണ്. ഈ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ സജ്ജമാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് പോലുള്ള നവയുഗ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവടുമാറുന്ന ഹൈദരാബാദിലെ വളർന്നുവരുന്ന ഡിജിറ്റൽ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം. ഡിജിറ്റൽ പരിവർത്തനത്തിനുള്ള പ്ലാറ്റ്ഫോം എന്ന നിലയിൽ ക്ലൗഡിനുള്ള ആവശ്യം ഇന്ത്യയിലെ വൻ നഗരങ്ങളിലുടനീളം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മൂന്ന് വർഷത്തിനുള്ളിൽ ഡാറ്റ സെന്റർ പ്രവർത്തനക്ഷമമാക്കിയാൽ അത് ഇന്ത്യയുടെ സാങ്കേതിക വളർച്ചയ്ക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025ലായിരിക്കും ഡാറ്റ സെന്റർ പ്രവർത്തനസജ്ജമാകുക.
സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ള യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങൾ ഈ ഡാറ്റ സെന്റർ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റർ വികസിപ്പിക്കാനുള്ള 15 വർഷത്തെ കർമ്മപരിപാടികൾക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്കെത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്. ക്ലൗഡ് സാങ്കേതിക വിദ്യയുടെ മേഖലയിൽ ഏകദേശം 10 ശതകോടി ഡോളറിന്റെ അവസരങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.