യുക്രെയ്ൻ പ്രതിസന്ധി: സ്വർണവില കുതിച്ചുയർന്നു

ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. പവന് 680 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വർണവില വർധിക്കാൻ കാരണം. റഷ്യ യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വർണവില ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. ഈ വർഷം ജനുവരി ആദ്യം മുതൽ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വർണവില. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയും ഉയർന്നു. ബാരലിന് 100 ഡോളർ കടന്നു. ഏഴു വർഷത്തിനിടെ ആദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളർ പിന്നിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വർധന. കോവിഡിന്‍റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ് ഘടന തിരിച്ചുവരവ് തുടങ്ങിയതോടെ ഡിമാൻഡ് കൂടിയതോടെ വില വർദ്‍ധിക്കുകയായിരുന്നു.