എയർ ഇന്ത്യയെ നയിക്കാൻ തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാൻ

എയർ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയുമായി തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാനായ ഇൽകർ ഐച്ചിയെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പ് ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യ ബോർഡ് യോഗം ചേർന്ന് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയതായി ടാറ്റാ ഗ്രൂപ്പിന്റെ കുറിപ്പിൽ വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ ഒന്നിനോ അതിന് മുമ്പായോ ഇദ്ദേഹം ചുമതലയേൽക്കുമെന്ന് ടാറ്റാ സൺസ് അറിയിച്ചു. തുർക്കിയിലെ ഇസ്താംബുള്ളിലാണ് ഇൽകർ ഐച്ചിയുടെ ജനനം. ബിൽക്കെന്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദധാരിയായ ഇദ്ദേഹം യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്.
1994ൽ ഔദ്യോഗിക ജീവിതമാരംഭിച്ച ഐച്ചി തുർക്കി ഫുട്‌ബോൾ ഫെഡറേഷന്റേയും തുർക്കി എയർലൈൻസ് സ്‌പോർട്‌സ് ക്ലബിന്റേയും കനേഡിയൻ തുർക്കിഷ് ബിസിനസ് കൗൺസിലിന്റേയും യുഎസ് തുർക്കി ബിസിനസ് കൗണ്‍സിലിന്റേയും ബോർഡ് അംഗമായിരുന്നു. റിപ്പബ്ലിക്ക് ഓഫ് തുർക്കി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സപ്പോർട്ട് പ്രമോഷൻ ഏജൻസിയുടെ ചെയർമാനായിരുന്നു. വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസിയുടെ വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം 2014ൽ ഇതിന്റെ ചെയർമാനായി. തൊട്ടടുത്ത വർഷം തുർക്കി എയർലൈൻസ് ചെയർമാനായി നിയമിതനായ ഐച്ചി ഈ അടുത്ത് വരെ പദവിയിൽ ഉണ്ടായിരുന്നു.