ജിയോയില്‍ 11,367 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി വിസ്ത
മുംബൈ: റിലയന്‍സ് ജിയോയില്‍ അമേരിക്കന്‍ കമ്പനിയായ വിസ്ത ഇക്വിറ്റി പാര്‍ട്ട്‌ണേഴ്‌സ് നിക്ഷേപം നടത്തുന്നു. 11,367 കോടി രൂപയാണ് കമ്പനി ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കുന്നത്. ഇതോടെ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയാകും. 2.32 ശതമാനം ഉടമസ്ഥാവകാശമാണ് വിസ്തയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുക. ഫേസ്ബുക്കിനും സില്‍വല്‍ ലെയ്ക്കിനും പിന്നാലെയാണ് വിസ്ത, ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തുന്നത്.
മൂന്നാഴ്ചയ്ക്കുള്ളില്‍ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നായി ജിയോ പ്ലാറ്റ്‌ഫോം നേടിയത് 60,596.37 കോടി രൂപയാണ്. 43,574 കോടി രൂപ നിക്ഷേപിച്ചാണ് ഫേസ്ബുക്ക്, ജിയോ പ്ലാറ്റ്‌ഫോമില്‍ 9.99 ശതമാനം ഓഹരി നേടിയത്. അതിനു പിന്നാലെ അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് 5,655 കോടി രൂപ നിക്ഷേപിച്ച് 1.15 ശതമാനം ഓഹരി സ്വന്തമാക്കി.

