ലോകത്തിലെ ധനികരിൽ 12−ാം സ്ഥാനത്തെത്തി മുകേഷ് അംബാനി


ന്യൂഡൽഹി: 2019−ൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്തിൽ 1650 കോടി ഡോളറിന്റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) വർദ്ധനവ്. ഇതോടെ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 6100 കോടി ഡോളറായെന്നും ബ്ലൂംബേർഗ് ബില്യനേഴ്സ് സൂചികയിൽ വ്യക്തമാക്കുന്നു. ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസിന് കഴിഞ്ഞവർഷം സ്ഥിരതയുള്ള മുന്നേറ്റം നടത്താനായതാണ് മുകേഷ് അംബാനിയുടെ സമ്പത്ത് വർധിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞവർഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ 41 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ബ്ലൂംബേർഗ് ബില്യനേഴ്സ് സൂചിക പ്രകാരം നിലവിൽ ലോകത്തിലെ ധനികരിൽ 12−ാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സാണ് പട്ടികയിൽ ഒന്നാമത്(11300 കോടി ഡോളർ). ഈ വർഷം 2200 കോടി ഡോളറിന്റെ വർധനവാണ് ബിൽ ഗേറ്റ്സിന്റെ സമ്പത്തിൽ രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാമത്തെ ധനികനായ ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തിൽ ഈ വർഷം 1300 കോടി ഡോളർ കുറയുകയും ചെയ്തു. വിപ്രോ ചെയർമാൻ അസിം പ്രേംജി(63−ാം സ്ഥാനം) എച്ച്സിഎൽ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ (88−ാം സ്ഥാനം) കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എം.ഡി. ഉദയ് കൊട്ടക്ക് (95−ാം സ്ഥാനം) എന്നിവരാണ് ബ്ലൂംബേർഗ് ബില്യനേഴ്സ് പട്ടികയിലെ ആദ്യ നൂറിൽ ഇടംപിടിച്ച മറ്റു ഇന്ത്യക്കാർ.

You might also like

  • Straight Forward

Most Viewed