പുതിയ നിറത്തിൽ സുസുക്കി ബർഗ് മാൻ
ന്യൂഡൽഹി: സുസുക്കിയുടെ മാക്സി സ്കൂട്ടറായ ബർഗ് മാൻ സ്ട്രീറ്റ് 125 പുതിയ മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറത്തിൽ ഇന്ത്യയിലെത്തി. 75,886രൂപയാണ് വാഹനത്തിന്റെ കോഴിക്കോട് എക്സ്ഷോറൂം വില. ബർഗ് മാൻ ഇന്ത്യൻ വിപണിയിലെത്തി ഒരു വർഷം പിന്നിടുന്ന വേളയിലാണ് പുതിയ നിറത്തിൽ ബർഗ് മാൻ പുറത്തിറങ്ങിയത്. നിറത്തിന് പുറമേ മറ്റു മാറ്റങ്ങളൊന്നും വാഹനത്തിനില്ല. ഡിസൈൻ, എൻജിൻ എന്നിവയെല്ലാം പഴയപടി തുടരും.
നേരത്തെ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ബർഗ് മാൻ ലഭ്യമായിരുന്നത്.
റഗുലർ സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായ യൂറോപ്യൻ സ്റ്റൈലാണ് മാക്സി സ്കൂട്ടറായ ബർഗ് മാന്റെ പ്രധാന സവിശേഷത. 7000 ആർപിഎമ്മിൽ 8.58 ബിഎച്ച്പി പവറും 5000 ആർപിഎമ്മിൽ 10.2 എന്എം ടോർക്കുമേകുന്ന 124 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ബർഗ് മാന് കരുത്തേകുന്നത്.
ഹോണ്ട ഗ്രാസ്യ, അപ്രീലിയ SR 125, ടിവിഎസ് എൻടോർക്ക്, ഹീറോ മാസ്ട്രോ എഡ്ജ് 125 എന്നിവയാണ് വിപണിയിൽ ബർഗ് മാന്റെ പ്രധാന എതിരാളികൾ.

