ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റ് ഇന്ത്യയിൽ

ന്യൂഡൽഹി : ഇന്ത്യൻ മോട്ടോർ സൈക്കിൾസിന്റെ ഏറ്റവും വില കൂടിയ റോഡ്മാസ്റ്റർ എലൈറ്റ് ഇന്ത്യയിലെത്തി. 48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സ്റ്റാന്റേർഡ് റോഡ്മാസ്റ്ററിനെക്കാൾ എട്ട് ലക്ഷം രൂപ കൂടുതൽ. ആഗോള അടിസ്ഥാനത്തിൽ കന്പനി ആകെ 300 യൂണിറ്റ് നിർമ്മിച്ച റോഡ്മാസ്റ്റർ എലൈറ്റിന്റെ ഒരു യൂണിറ്റ് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഈ മോഡൽ മുംബൈയിലെ ഒരു വ്യവസായി നിലവിൽ സ്വന്തമാക്കി കഴിഞ്ഞു. ഫ്യുവൽ ടാങ്കിൽ 23 കാരറ്റ് തങ്കത്തകിടിൽ ചാലിച്ച ബാഡ്ജിംഗാണ് വാഹനത്തിലെ പ്രധാന സവിശേഷത. രൂപത്തിൽ റഗുലർ റോഡ്മാസ്റ്ററിനോട് സമാനമാണ് എലൈറ്റ്. ബ്ലാക്ക്− കൊബാൾട്ട് ബ്ലൂ ഡ്യുവൽ ടോൺ നിറം എലൈറ്റിനെ വ്യത്യസ്തമാക്കും. മെഷീൻ ഉപയോഗിക്കാതെ ഏകദേശം 30 മണിക്കൂർ സമയമെടുത്ത് കൈ കൊണ്ടാണ് പെയിന്റിംഗ് പൂർത്തീകരിച്ചത്.
വെള്ളം കയറാത്ത സാഡിൽ ബാഗുകളും, ടോപ് ബോക്‌സും ഉൾപ്പെടെ 140 ലിറ്ററാണ് ലിമിറ്റഡ് എഡിഷൻ ക്രൂയിസറിന്റെ സ്റ്റോറേജ് ശേഷി. 1811 സിസി തണ്ടർ സ്‌ട്രോക്ക് 111 V−ട്വിൻ എഞ്ചിനിലാണ് ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റിന്റെ ഒരുക്കം. 161 Nm ടോർക്ക് എഞ്ചിൻ പരമാവധി ഉൽപ്പാദിപ്പിക്കും. എന്നാൽ, മോഡലിന്റെ കരുത്തുൽപ്പാദനം കന്പനി വെളിപ്പെടുത്തിയിട്ടില്ല. ആറ് സ്പീഡ് ഗിയർബോക്‌സാണ് ലഭിക്കുന്നത്. എ.ബി.എസ്, ക്രൂയിസ് കൺട്രോൾ ഫീച്ചറുകളുടെ പിന്തുണ ക്രൂയിസറിനുണ്ട്. ഹാർലി ഡേവിഡ്‌സൺ സി.വി.ഒയാണ് ഇന്ത്യയിൽ ഇന്ത്യൻ റോഡ്മാസ്റ്റർ എലൈറ്റിന്റെ പ്രധാന എതിരാളി.