പുലർച്ചെ മൂന്നര വരെ കോടതി പ്രവർത്തിച്ച് ചരിത്രം കുറിച്ച് ജഡ്ജി എസ്.ജെ. കതവല്ല

മുംബൈ : കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കുന്നതിനായി പുലർച്ചെ മൂന്നര വരെ കോടതിയിലിരുന്ന് പുതു ചരിത്രം കുറിച്ച് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ജെ. കതവല്ല. മെയ് അഞ്ചിന് വേനലവധി ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകൾ തീർപ്പാക്കുന്നതിന് ജഡ്ജി പുലർച്ചെ വരെ കോടതിയിൽ ചെലവഴിച്ചത്. സാധാരണ കോടതി പിരിയുന്നത് വൈകുന്നേരം അഞ്ച് മണിക്കാണ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നര വരെ കോടതി പ്രവർത്തിച്ചാണ് ജഡ്ജി ചരിത്രം കുറിച്ചത്. രാവിലെ മുതൽ പരിഗണിച്ച 135 കേസുകളിൽ 70എണ്ണവും അടിയന്തര സ്വഭാവമുള്ളവയായിരുന്നു. അഭിഭാഷകരും അന്യായക്കാരും കോടതി ജീവനക്കാരും പുലർച്ചെ വരെ പണിയെടുത്തെങ്കിലും പരിഗണിച്ച എല്ലാ വിഷയങ്ങളും അടിയന്തര സ്വഭാവമുള്ളവയായതിനാൽ ആരും പരാതി ഉന്നയിച്ചില്ലെന്ന് പുലർച്ചെ കോടതിയിൽ നിന്നിറങ്ങിയ അഭിഭാഷകൻ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി അർദ്ധരാത്രി വരെ കതവല്ലയുടെ 20ാം നന്പർ കോടതി മുറി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച അത് പുലർച്ചെ മൂന്നര വരെ പ്രവർത്തിക്കുകയായിരുന്നു. ഇതിനിടെ വെറും 20 മിനിട്ട് മാത്രമാണ് അദ്ദേഹം ഇടവേള എടുത്തത്. സ്വത്ത് തർക്കം, സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇദ്ദേഹം തീർപ്പാക്കിയത്.
2009 ലാണ് കതവല്ല ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജായി പ്രവേശിക്കുന്നത്. 2011ലാണ് ഇദ്ദേഹം സ്ഥിരം ജഡ്ജിയായത്.