ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്


ഡൽഹി : ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്. 100 നാരോ ബോഡി വിമാനങ്ങളുമായി രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ആഭ്യന്തര സര്‍വീസാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ അടുത്ത ഊഴം ഇന്ത്യയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ വ്യക്തമാക്കി. ബെര്‍ലിനില്‍ നടക്കുന്ന ഐടിബി ട്രാവല്‍ ഫെയറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനോ ഏതെങ്കിലും വിമാന കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനോ കേന്ദ്രം ഖത്തര്‍ എയര്‍വെയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ വൈമാനിക മേഖലയില്‍ വിദേശ നിക്ഷേപാവസരം അനുവദിക്കുന്ന പുതിയ നയമാണ് കമ്പനിക്കു സഹായകമാകുന്നത്. രാജ്യത്തെ സ്വകാര്യ വിമാനകമ്പനിയില്‍ നിക്ഷേപമിറക്കുന്നതിനായി ശ്രമം നടത്തി വരികയായിരുന്നു ഖത്തര്‍. ഇറ്റലിയിന്‍ വിമാന കമ്പനിയായ മെറിഡിയാനയില്‍ ഓഹരിയെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്ന നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ജൂണിലാണ് വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലെ വ്യോമയാന രംഗത്ത് നിക്ഷേപം നടത്തുന്നതിന് അനുമതി നല്‍കിയത്. നിലവിലെ നിയമം അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളില്‍ ഓഹരിയെടുക്കുകയാണെങ്കില്‍ പരമാവധി 49 ശതമാനമേ സ്വന്തമാക്കാനാകൂ. എന്നാല്‍, നൂറു ശതമാനം ഉടമസ്ഥതയില്‍ പുതിയ കമ്പനി തുടങ്ങാനാകും.

രാജ്യത്തിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ആയ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയായിരിക്കും ഇന്ത്യയില്‍ നിക്ഷേപമിറക്കി വിമാന കമ്പനി തുടങ്ങുക. ഇതില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഓഹരിയെടുക്കും. ഖത്തര്‍ എയര്‍വെയ്‌സുമായി കോഡ് ഷെയറിങിലൂടെ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ദോഹയില്‍ നിന്ന് ഒരു ടിക്കറ്റില്‍ യാത്രാ സൗകര്യമൊരുക്കുകയും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് തിരിച്ച് ദോഹയിലേക്കും ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും കണക്ഷന്‍ യാത്രാ സൗകര്യമൊരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed